KSDLIVENEWS

Real news for everyone

വെസ്റ്റ് എളേരി പഞ്ചായത്തിൽ വെള്ളക്കെട്ടിൽ കുരുങ്ങി റോഡുകൾ: ഒട്ടേറെ വീടുകൾ തകർന്നു; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

SHARE THIS ON

ചിറ്റാരിക്കാൽ: മണ്ണിടിച്ചൽ ഭീഷണിയെത്തുടർന്ന് വെസ്റ്റ് എളേരി പഞ്ചായത്തിലെ കാറ്റാംകവല പട്ടികവർഗ ഉന്നതിയിൽനിന്നു മാറ്റിപ്പാർപ്പിച്ച 10 കുടുംബങ്ങളിലെ 42 പേർ പറമ്പ ജിഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ ഇന്നലെയും തുടർന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു ഇവരെ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ക്യാംപിലേക്ക് മാറ്റി പാർപ്പിച്ചത്. കുടുംബശ്രീ ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ക്യാംപിൽ കഴിയുന്നവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയത്. ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം ക്യാംപിൽ സഹായവുമായി ഉണ്ട്. ഇന്നലെ എം.രാജഗോപാലൻ എംഎൽഎ ക്യാംപ് സന്ദർശിച്ചു. മഴയിൽ ഗർത്തം രൂപപ്പെട്ട കാറ്റാംകവല ഉന്നതിയിലും എംഎൽഎ സന്ദർശനം നടത്തി. ജില്ലാ സെർവലൈൻസ് ഓഫിസർ (ഡിഎസ്ഒ) ഡോ.ബി.സന്തോഷ്, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.ഷാന്റി ജെയ്ദീപ് തുടങ്ങിയവരും ക്യാംപിൽ എത്തിയിരുന്നു.

കാലിക്കടവ് ടൗണിലും സർവീസ് റോഡിലും വെള്ളക്കെട്ട്
ചെറുവത്തൂർ ∙ ഇടതടവില്ലാതെ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് കാലിക്കടവ് ടൗണിലും ദേശീയപാതയുടെ സർവീസ് റോഡിലും വെള്ളക്കെട്ട്. കടകൾക്ക് പുറത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഏതാനും കടകൾ പൂട്ടിയിട്ടു. കടകളിൽ സാധനം വാങ്ങാൻ എത്തുന്നവർ വളരെ കുറവാണെന്ന് ഇവിടത്തെ കച്ചവടക്കാർ പറയുന്നു. 
  മഴ ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ടൗണിലെ വെള്ളക്കെട്ട് തടയാൻ വേണ്ട സംവിധാനം ഒരുക്കണമെന്ന് വ്യാപാരികൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു.

എന്നാൽ വേണ്ട നടപടി ഉണ്ടാകാത്തതിനെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കാലിക്കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ പിലിക്കോട് പഞ്ചായത്തിനു മുൻപിൽ ഉപരോധം സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് അടുത്ത ദിവസം ഇവിടെയുള്ള പഴയ ഓവുചാൽ ശുചീകരിച്ചിരുന്നു. എന്നാൽ ഇവിടെയുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആകണമെങ്കിൽ ദേശീയപാതയുമായി ബന്ധപ്പെട്ട ഓവുചാൽ നിർമാണം പൂർത്തിയാകണം.

വീടുകൾ വെള്ളക്കെട്ടിൽ
തൃക്കരിപ്പൂർ ∙ പടന്ന പഞ്ചായത്തിലെ 9 ാം വാർഡിൽ പെട്ട കാപ്പിൽ അഞ്ചില്ലത്ത് സഫിയയുടെ വീട് പൂർണമായും വെള്ളക്കെട്ടിലായി. ഇതേ തുടർന്നു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. തൃക്കരിപ്പൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസർ കെ.വി.പ്രഭാകരന്റെ നിർദേശ പ്രകാരം ഫയർഫോഴ്സ് ജീവനക്കാരും സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ കെ.എൻ.സി.ഇബ്രാഹിം, വൊളന്റിയർ രൂപേഷ് എന്നിവർ ചേർന്നു 80 വയസ്സുള്ള സഫിയയെ സ്ട്രക്ചറിൽ കിടത്തിയാണ് മാറ്റിയത്.

വടക്കെക്കൊവ്വലിലെ ഹരിതകർമ സേന അംഗം സരോജിനിയുടെ വീട് വെള്ളത്തിലായി. ഈ കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ടവർ നിർദേശം നൽകി.  വലിയപറമ്പിലെ ടി.വി.രോഹിണിയുടെ വീട്ടു പറമ്പിലെ തെങ്ങ് കനത്ത കാറ്റിൽ കടപുഴകി വൈദ്യുതി ലൈനിൽ വീണു. 
തൃക്കരിപ്പൂർ ∙ മേഖലയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. തൃക്കരിപ്പൂർ–പയ്യന്നൂർ പ്രധാന റോഡ് പാതയിൽ വെള്ളക്കെട്ടു മൂലം വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. വൾവക്കാട് ജംക്‌ഷനിൽ സി.എച്ച് സെന്റർ പരിസരം മുതൽ തൃക്കരിപ്പൂർ രാമവില്യം കഴകത്തിനു തെക്കുഭാഗം വരെ റോഡ് പുഴയ്ക്ക് സമാനമായി.  പരിസരത്തെ കടകളിലും വീടുകളിലും വെള്ളം കയറി.

പലേടത്തും ഓവുചാലുകളുടെ സ്തംഭനം വെള്ളക്കെട്ടിനിടയാക്കി. ഇളമ്പച്ചി വീവേഴ്സ് സൊസൈറ്റിക്ക് പരിസരത്തും റോഡിൽ വെള്ളക്കെട്ട് ദുരിതമുണ്ടാക്കി. 

പെരിയ ∙ പുല്ലൂർ പെരളം, വണ്ണാർവയൽ, മധുരമ്പാടി എന്നിവിടങ്ങളിലെ 17 വീടുകളിൽ വെള്ളം കയറി. ഇവിടെ നിന്നു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പെരളത്ത് കുതിരുമ്മൽ കാരിച്ചി, ഗോപാലൻ, കണ്ടത്തിൽ കുഞ്ഞിരാമൻ, അശോക്‌രാജ്, കൊട്ടൻകുഞ്ഞി, കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സീത, ലക്ഷ്മി, രമേശൻ, വണ്ണാർവയലിലെ അട്ടക്കാട്ട് രവി, വേണു, ഭാസ്കരൻ, മധുരമ്പാടിയിലെ കസ്തൂരി, ജാനു, കണ്ണൻ, കാർത്യായനി, മാധവി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലും വെള്ളം കയറി. വിഷ്ണുമംഗലം–മധുരമ്പാടി റോഡിൽ വെള്ളക്കെട്ടിനെത്തുടർന്ന് വാഹനങ്ങൾക്കു പോകാൻ കഴിഞ്ഞില്ല.

മാവുങ്കാലിൽ തുടർച്ചയായ രണ്ടാംദിവസവും വെള്ളക്കെട്ട് വ്യാപാരികളെ ദുരിതത്തിലാക്കി. പ്രതിഷേധസൂചകമായി നാട്ടുകാരുടെ നേതൃത്വത്തിൽ കരാറുകാരായ മേഘ കമ്പനിയുടെ വാഹനം തടഞ്ഞു.

മടിക്കൈ ∙ പഞ്ചായത്തിലെ കാലിച്ചാംപൊതി കണ്ടംകുട്ടിച്ചാൽ , മണക്കടവ്, തലയത്ത്, പള്ളത്തുവയൽ, കക്കാട്ട്, കണിച്ചിറ, ചാർത്തങ്കാൽ, ചാളക്കടവ്, കുണ്ടേൻമൂല, പോത്തങ്കൈ എന്നിവിടങ്ങളിൽ വെള്ളം കയറിയതിനാൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു. കിടപ്പുരോഗിയായ കണിച്ചിറയിലെ ചേലാളത്ത് നാരായണനെ പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ താങ്ങിയെടുത്താണ് വീട്ടിൽ നിന്നുമാറ്റിയത്.

കോണത്ത് ചാത്തമത്ത് ക്ഷേത്രം റോഡ് വിണ്ടുകീറി
നീലേശ്വരം ∙ കോണത്ത് ചാത്തമത്ത് ഭഗവതി (ഭദ്രകാളി) വേട്ടയ്ക്കൊരു മകൻ ക്ഷേത്രം റോഡ് കനത്ത മഴയെ തുടർന്നു വിണ്ടുകീറിയതിനാൽ ഭാഗികമായി റോഡ് അടച്ചു. ഭാരവാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡായതിനാൽ മണ്ണിടിഞ്ഞു വലിയ അപകടം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ജിയോളജി വകുപ്പധികൃതരെ വിവരമറിയിച്ചതായി പേരോൽ വില്ലേജ് ഓഫിസർ അറിയിച്ചു.  നീലേശ്വരം പുഴയിൽ ജലനിരപ്പുയർന്നു. തേജസ്വിനിപ്പുഴ കരകവിഞ്ഞു. ചാത്തമത്തും പൊടോതുരുത്തിയിലും വെള്ളം കയറി. പൊടോതുരുത്തിയിലെ 13 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കു താമസം മാറി. നീലേശ്വരം ചാത്തമത്തെ സുധാകരന്റെ വീടിനു മുകളിൽ തെങ്ങു പൊട്ടി വീണു. നമ്പ്യാർകാൽ അണക്കെട്ട് പ്രദേശത്തും പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരിയിലും വെള്ളം കയറി. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!