രാജ്യത്ത് 24 മണിക്കൂറിനിടെ 38,079 പേര്‍ക്കു കൂടി കോവിഡ്; 560 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 4,24,025 സജീവരോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 560 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ 31,064,908 പേരിലാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 413,123 ആയി ഉയർന്നു. 30,227,792 പേരാണ് ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടിയിട്ടുള്ളത്. ഇതുവരെ 399,695,879 പേർക്കാണ് വാക്സിൻ നൽകിയിട്ടുള്ളതെന്നും ഇന്നലെ മാത്രം 4,212,557 ഡോസ് വാക്സിൻ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം ജൂലൈ പതിനാറുവരെ 44,20,21,954 സാമ്പിളുകൾ പരിശോധിച്ചതായും വെള്ളിയാഴ്ച മാത്രം 19,98,715 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.

