KSDLIVENEWS

Real news for everyone

അദ്ദേഹം അനുഭവിക്കുന്ന വിഷമം എനിക്ക് മനസ്സിലാകും,പിന്തുണ ഹേറ്റ് ക്യാംപയ്ൻ ആകരുത്; പ്രതികരിച്ച് ആസിഫ് അലി

SHARE THIS ON

നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം പ്രകടിപ്പിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് താരങ്ങളും രാഷ്ട്രീയപ്രവർത്തരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വിവാദത്തിൽ ആദ്യപ്രതികരണവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി.

തന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. രമേശ് നാരായണൻ അനുഭവിക്കുന്ന വിഷമം എത്രത്തോളമാണെന്ന് തനിക്ക് മനസ്സിലാകുമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

‘എന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുത്. അതെന്റെയൊരു അപേക്ഷയാണ്. അദ്ദേഹം അനുഭവിക്കുന്ന വിഷമം എന്താണെന്ന് എനിക്ക് മനസ്സിലാകും. ദയവുചെയ്ത് ഇതൊരു ഹേറ്റ് ക്യാംപെയ്നായി മാറരുത്. എനിക്ക് നിങ്ങളെല്ലാവരും നൽകുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഐ ലവ് യു ഗയ്സ്. നിങ്ങളിൽ നിന്ന് ഇത്രയും സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം’ , ആസിഫ് അലി പറഞ്ഞു.

പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രചരണാർത്ഥം എറണാകുളത്തെ സെന്റ് ആൽബർട്ട്സ് കോളേജിൽ എത്തിയതാണ് ആസിഫ് അലി. നടി അമലാ പോളും സംവിധായകൻ അർഫാസും ഒപ്പമുണ്ടായിരുന്നു. വിവാദത്തിൽ വിശദമായ പ്രതികരണം വെെകാതെ നടത്തുമെന്നും ആസിഫ് അലി അറിയിച്ചിട്ടുണ്ട്.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ രമേശ് നാരായണൻ സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് ജയരാജ്, രമേശ് നാരായണന് പുരസ്‌കാരം നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!