ഒമാൻ തീരത്ത് കപ്പൽ മറിഞ്ഞ് കാണാതായ ഒമ്പതുപേരെ രക്ഷപ്പെടുത്തി; എട്ട് ഇന്ത്യക്കാർ

മസ്‌കറ്റ്: ഒമാന്‍ തീരത്ത് മറിഞ്ഞ എണ്ണക്കപ്പലില്‍നിന്ന് കാണാതായ ഒമ്പതുപേരെ രക്ഷിച്ചു. എട്ട് ഇന്ത്യക്കാരേയും ഒരു ശ്രീലങ്കന്‍ പൗരനേയുമാണ് കണ്ടെത്തിയത്. കാണാതായ മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ഐ.എന്‍.എസ്. തേജ് നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷിച്ചതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കന്‍ പൗരന്മാരും അടക്കം 16 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഒമാനിലെ ദുക്കത്തിനുസമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്കുകിഴക്ക് 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെ തിങ്കളാഴ്ചയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. കൊമോറോസ് പതാകവെച്ച പ്രെസ്റ്റീജ് ഫാല്‍ക്കണ്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
യമനിലെ ഏദനിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ മറിഞ്ഞത്. തിരച്ചിലിന് ഇന്ത്യന്‍ നാവികസേനയും രംഗത്തിറങ്ങിയിരുന്നു. ഐ.എന്‍.എസ്. തേജ്, ദീര്‍ഘദൂര നിരീക്ഷണ വിമാനം പി 81 എന്നിവയാണ് തിരച്ചിലിന് വിന്യസിച്ചത്.

