വിനോദസഞ്ചാരികൾക്കായി കൂടുതൽ സൗകര്യമൊരുക്കും; റാണിപുരം അടിസ്ഥാനസൗകര്യ വികസനം വിലയിരുത്താൻ കലക്ടറുടെ സന്ദർശനം

രാജപുരം ∙ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികൾ വിലയിരുത്താൻ കലക്ടർ കെ.ഇമ്പശേഖർ കഴിഞ്ഞ ദിവസം റാണിപുരം സന്ദർശിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് 1.93 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് കലക്ടർക്ക് വിവരിച്ചു. നിലവിൽ വിനോദ സഞ്ചാരികൾക്ക് താമസിക്കാനുള്ള ഡിടിപിസി കോട്ടേജിൽ കൂടുതൽ സൗകര്യമൊരുക്കും. 12 മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് നിലവിലുള്ളത്. സ്വിമ്മിങ് പൂള്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആംഫി തിയറ്റര്‍ എന്നിവയാണ് റാണിപുരത്ത് നടപ്പിലാക്കുന്ന മറ്റു വികസനങ്ങള്‍. പ്രവൃത്തികൾ വിലയിരുത്തിയ ശേഷം കലക്ടർ റാണിപുരം മലമുകളിലേക്ക് ട്രക്കിങ് നടത്തി. പനത്തടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ബി.ശേഷപ്പ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷ ലത അരവിന്ദൻ, വാർഡ് അംഗങ്ങളായ സി.ആർ.ബിജു, പി.കെ.സൗമ്യമോൾ, ഡിടിപിസി ക്വാർട്ടേഴ്സ് നടത്തിപ്പുകാരൻ ഷാജി ചാരാത്ത്, റാണിപുരം വനസംരക്ഷണ സമിതി മുൻ പ്രസിഡന്റ് എസ്.മധുസൂദനൻ തുടങ്ങിയവർ കലക്ടറെ അനുഗമിച്ചു.

