മൈനാഗപ്പള്ളിയിൽ ക്രൂരമായി കാർ ശരീരത്തിലൂടെ കയറ്റി കൊലചെയ്യപ്പെട്ട കുഞ്ഞുമോൾ കാൻസറിനെ തോല്പിച്ച് മുന്നേറിയ സ്ത്രീ; പക്ഷേ കണ്ണിചോരയില്ലാത്ത ക്രൂരതയ്ക്ക് മുന്നിൽ ജീവൻ നഷ്ടമായി

ശാസ്താംകോട്ട: കാൻസർ രോഗത്തെ തോല്‍പ്പിച്ച കുഞ്ഞുമോള്‍ക്ക് നടുറോഡിലെ ക്രൂരതയുടെ രൂപത്തില്‍ വന്ന വിധിയെ തോല്‍പ്പിക്കാനായില്ല.
കഴിഞ്ഞ ദിവസം മൈനാഗപ്പള്ളി ആനൂർക്കാവില്‍ കാർ ശരീരത്തിലൂടെ കയറി ഇറങ്ങി മരിച്ച കുഞ്ഞുമോള്‍ക്ക് മൂന്ന് വർഷം മുമ്ബാണ് കാൻസർ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലൂടെ രോഗം ഭേദമായി. ഇപ്പോഴും ആറ് മാസം കൂടുമ്ബോള്‍ തുടർ ചികിത്സാർഥം ആർ.സി.സിയില്‍ പോയിവരികയായിരുന്നു. തുടർ ചികിത്സക്ക് ആവശ്യമുള്ള പണം കണ്ടെത്തുന്നതിനാണ് വീടിന് തൊട്ടുമുന്നില്‍ ചെറിയ സ്റ്റേഷനറികട ആറ് മാസം മുമ്ബ് തുടങ്ങിയത്.
കടയിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതിനാണ് സഹോദരിയോടൊപ്പം ആനൂർകാവിലെ കടയില്‍ എത്തിയത്. അത് കുഞ്ഞുമോളുടെ അവസാന യാത്രയുമായി.
‘ഉച്ചത്തില്‍ അലറി വിളിച്ചിട്ടും…’
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തേക്കിറങ്ങിയവർ ഒരു നിമിഷം കൊണ്ട് അപകടത്തില്‍പ്പെടുന്ന രംഗം കണ്മുന്നില് കാണേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ആനൂർക്കാവില്‍ കട നടത്തുന്ന വിദ്യ.
കടയില്‍ ഉണ്ടായിരുന്നവർ ഉള്‍പ്പെടെയുള്ളവർ ഓടിചെല്ലുകയും മുന്നോട്ട് എടുക്കരുതെന്ന് ഉച്ചത്തില്‍ അലറി വിളിച്ചിട്ടും കാറിലുണ്ടായിരുന്ന യുവതിയാണ് കാർ എടുക്കാൻ പറഞ്ഞതെന്ന് വിദ്യ ഓർക്കുന്നു. കാർ മുന്നോട്ട് എടുത്തില്ലായിരുന്നുവെങ്കില്‍ വിലപ്പെട്ട ജീവൻ രക്ഷപെടുമായിരുന്നു.
‘കർശന നടപടിയെടുക്കണം’
അമിത ലഹരി ഉപയോഗമാണ് അപകടത്തിന് കാരണമെന്ന് സംഭവസമയം സ്ഥലത്തുണ്ടായിരുന്ന പൊതു പ്രവർത്തകൻ കെ. സഞ്ജയ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

