നരേന്ദ്ര: നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി: മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ട്രംപ്

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 75-ാം പിറന്നാള്‍ ആഘോഷിക്കുന്ന മോദിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് ആശംസകള്‍ നേര്‍ന്നത്.
ജൂണ്‍ 17 ന് ശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ ഫോണ്‍ സംഭാഷണമാണിത്. നരേന്ദ്ര മോദി ഗംഭീരമായി ജോലി ചെയ്യുന്നുവെന്നും ട്രംപ് പിന്നീട് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍; രണ്ടാഴ്ച നീളുന്ന ആഘോഷവുമായി ബിജെപി
”ഇപ്പോള്‍ എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേർന്നു. അദ്ദേഹം ഗംഭീരമായ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നരേന്ദ്ര: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി”-ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ജന്മദിനാശംസകള്‍ നേര്‍ന്ന ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. ‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ഫോണ്‍ കോളിനും ജന്മദിനാശംസയ്ക്കും നന്ദി. നിങ്ങളെപ്പോലെ തന്നെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാൻ ഞാൻ പൂർണമായും പ്രതിജ്ഞാബദ്ധനാണ്. യുക്രൈൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കും’-മോദി എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി.