ചെര്‍ക്കളയില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്: പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ യുവതീ യുവാക്കള്‍ അറസ്റ്റില്‍

കാസർകോട്: ചെർക്കള ടൗണിൽ യുവാവിനെ വെട്ടിയും ഇരുമ്പുവടി കൊണ്ട് അടിച്ചും കൊല്ലാൻ ശ്രമിച്ചുവെന്ന കേസിലെ പ്രതികൾക്ക് ഒളിത്താവളം ഒരുക്കി കൊടുത്ത യുവതീ യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കർണ്ണാടക, ഉപ്പിനങ്ങാടിയിലെ സി കെ സമീറിന്റെ ഭാര്യ റുബീന (27), സി കെ അബൂക്കർ സിദ്ദീഖ് (41) എന്നിവരെയാണ് വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ യു പി വിപിനും സംഘവും അറസ്റ്റു ചെയ്‌തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂലായ് 24ന് രാത്രി ഒൻപതു മണിയോടെയാണ് ചെർക്കള ടൗണിൽ യുവാവിനു നേരെ വധശ്രമം ഉണ്ടായത്. നോർത്ത് ചെർക്കളയിലെ മുഹമ്മദ് നവാസ് (32) ആണ് അക്രമത്തിന് ഇരയായത്. കാറിലെത്തിയ സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുഹമ്മദ് നവാസിന്റെ തലയിൽ കത്തികൊണ്ട് വെട്ടുകയും നിലത്തു വീണപ്പോൾ ഇരുമ്പു വടി കൊണ്ട് കൈക്കും കാലിനും അടിക്കുകയും ചെയ്തുവെന്നാണ് വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നത്.
സംഭവത്തിൽ ഇർഷാദ്, ഷെബീർ, ഹാഷിം, കണ്ടാൽ അറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരുന്നത്. എന്നാൽ പ്രതികളിൽ ആരെയും അറസ്റ്റു ചെയ്യാൻ കഴിഞ്ഞിട്ടില്ല. പ്രതികൾ ഒളിയിടങ്ങൾ മാറ്റി കൊണ്ടിരിക്കുകയാണെന്നു പൊലീസ് പറഞ്ഞു.