KSDLIVENEWS

Real news for everyone

ദേശീയപാതാ നിർമാണം വഴിമുടങ്ങി: ചെരുമ്പയിൽ പ്രതിഷേധം

SHARE THIS ON

പെരിയാട്ടടുക്കം: ആറുവരിപ്പാത വന്നതോടെ വഴിമുടങ്ങിയ നാട്ടുകാർ ഒറ്റക്കെട്ടായി അനിശ്ചിതകാല പ്രതിഷേധസമരംതുടങ്ങി. ചെരുമ്പ റിഫായിയ്യ ജുമാമസ്‌ജിദിന് സമീപം ഇരുഭാഗത്തേക്കും കടക്കാൻ സൗകര്യം വേണമെന്നാണ് ജനകീയ സമരസമിതിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ദേശീയപാതാ നിർമാണത്തിന്റെ പ്രാരംഭഘട്ടത്തിൽ നാട്ടുകാർ കളക്ടർ, ദേശീയപാതാ അതോറിറ്റി, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. അനുകൂല തീരുമാനം ഉണ്ടാകാൻ കാത്തുനിന്ന നാട്ടുകാർ പ്രതീക്ഷ കൈവിട്ടതോടെയാണ് കർമസമിതി രൂപവത്കരിച്ച് തിങ്കളാഴ്ച സമരം തുടങ്ങിയത്. ഇരുഭാഗത്തേക്കും ബന്ധപ്പെടാൻ വഴിയില്ലാത്തതിന് പുറമെ, ദേശീയപാത ഉയർത്തി പാർശ്വഭാഗത്ത് ഇവിടെ കോൺക്രീറ്റ് മതിൽ വരുന്നതും നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു. സ്കൂൾ, കോളേജ്, അങ്കണവാടി വിദ്യാർഥികളും യാത്രക്കാരും ആറുവരിപ്പാത തുറക്കുന്നതോടെ ഒറ്റപ്പെടുമെന്ന് കർമസമിതി ചൂണ്ടിക്കാട്ടുന്നു. റോഡിന്റെ പടിഞ്ഞാറും കിഴക്കും നിരവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും എത്തപ്പെടണമെങ്കിൽ പെരിയാട്ടടുക്കം അടിപ്പാത താണ്ടണം. അനിശ്ചിതകാല സമരം പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം പ്രസീത അധ്യക്ഷയായി. കൺവീനർ കെ.എം. ബഷീർ, വിവിധ രാഷ്ട്രീയപാർട്ടി-സംഘടനാ പ്രതിനിധികളായ അജയൻ പനയാൽ, സാജിദ് മൗവ്വൽ, എ. ഗംഗാധരൻ, കെ.ഇ. ബക്കർ, ടി. മുഹമ്മദ്കുഞ്ഞി, ഒ. നാരായണൻ, മുഹമ്മദ്കുഞ്ഞി ചോണായി, വി.കെ. ഗോപാലൻ, ബി.കെ. മുഹമ്മദ്കുഞ്ഞി, ഫാറൂഖ് എന്നിവർ സംസാരിച്ചു. 21-ന് വൈകീട്ട് അഞ്ചിന് സമരസമിതി പെരിയാട്ടടുക്കം മുതൽ കുണിയ വരെ പ്രതിഷേധ മനുഷ്യച്ചങ്ങല തീർക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!