ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന; തിരിച്ചറിയാനായി പരിശോധന നടത്തുമെന്ന് ഇസ്രയേല്‍

ഗാസ: ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്നുമുള്ള അഭ്യൂഹം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിന്നും ലഭിക്കുന്നുണ്ട്. ഈ അവസരത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ല എന്നും സ്ഥിരീകരണത്തിനായി പരിശോധന നടത്തുമെന്നും ഫോഴ്‌സ് പറയുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്. 2024 ഓഗസ്റ്റ് മുതല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാനും ഗാസ മുനമ്പിന്റെ നേതാവുമായി പലസ്തീന്‍ ജനതയ്ക്കിടയില്‍ വിശ്വാസ്യത നേടിയ യഹിയയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പലസ്തീന്‍ പ്രതിരോധസേനയ്ക്ക് ഏറെ ആശങ്കകള്‍ നല്‍കുന്നുണ്ട്.
ഗാസ ആസ്ഥാനമായാണ് കാലങ്ങളായി യഹിയ പ്രവര്‍ത്തിക്കുന്നത്. ‘തിന്മയുടെ മുഖ’മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹിയ 22 വര്‍ഷം ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് യഹിയ ജയിലില്‍നിന്ന് മോചിതനായത്. 2015-ല്‍ യഹിയയെ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി. 1962-ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പിലാണ് യഹിയയുടെ ജനനം.

