KSDLIVENEWS

Real news for everyone

നവീൻ ബാബുവിന്റെ വേര്‍പാടില്‍ വേദന: നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും; പി.പി ദിവ്യയുടെ ആദ്യ പ്രതികരണം

SHARE THIS ON

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച്‌ ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ.

നവീൻ ബാബുവിന്റെ വേർപാടില്‍ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദ്ദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ ഞാൻ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള പാർട്ടി നിലപാടിനെ ശരിവെക്കുന്നു. പാർട്ടി തീരുമാനം മാനിച്ച്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പദവി രാജിവെക്കുന്നുവെന്നും ദിവ്യ അറിയിച്ചു. സിപിഎം നടപടിയെടുത്തതിന് പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം.

നവീന്‍ ബാബുവിൻ്റെ മരണം: ദിവ്യക്കെതിരെ ചുമത്തിയത് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108, 10 വർഷം വരെ തടവ് ലഭിക്കാം

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ മൂന്ന് ദിവസത്തിന് ശേഷമാണ്
പി.പി ദിവ്യക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നടപടി. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാജിയെന്നാണ് വിവരം. ദിവ്യയുടെ പരസ്യ പ്രതികരണവും പാർട്ടി നിർദേശ പ്രകാരമാണ്.

അതേ സമയം, നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. നാടാകെ നടുങ്ങിയ ഒരു മരണം നടന്ന് മൂന്ന് നാള്‍ പിന്നിടുകയും ജനരോഷം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് നടപടി. പൊതുവേദിയില്‍ എഡിഎം നവീന്‍ ബാബുവിനെ അധിക്ഷേപിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ ആത്മഹത്യ കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റം ചുമത്തിയാണ് പൊലീസ് കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.



Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!