ശിരോവസ്ത്രം ധരിച്ച ടീച്ചർ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസം; കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി വി. ശിവൻകുട്ടി

കോഴിക്കോട്: ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ മാനേജ്മെന്റിനെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.
ശിരോവസ്ത്രം ധരിച്ച ടീച്ചർ സ്കൂളിൽ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നും കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കുട്ടി സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പെൺകുട്ടിയെ സ്കൂൾ മാറ്റുകയാണെന്ന വിവരം പിതാവാണ് അറിയിച്ചത്. ‘കുട്ടി എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ വിട്ടുപോകുന്നതെന്നത് പരിശോധനക്ക് വിധേയമാക്കും. അതിന് കാരണക്കാരായവർ സർക്കാറിനോട് മറുപടി പറയേണ്ടിവരും. കുട്ടിക്ക് മാനസിക സംഘർഷത്തിന്റെ പേരിൽ എന്തെങ്കിലും ബുദ്ധുമുട്ടുണ്ടായിൽ അതിന്റെ പൂർണ ഉത്തരവാദി സ്കൂൾ അധികാരികളായിരിക്കും. ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിദ്യാഭ്യാസം അനുവദിക്കു. ഒരാഴ്ചയായി ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷം എത്രമാത്രമായിരിക്കും. അങ്ങനെ ഒരു കൊച്ചു കുട്ടിയോട് പെരുമാറാൻ പാടുണ്ടോ? സ്കൂളിൽ തന്നെ പറഞ്ഞുതീർക്കേണ്ട വിഷയമാണ് ഇത്തരത്തിൽ വഷളാക്കിയത്’ -മന്ത്രി പറഞ്ഞു.
കുട്ടിയെ സംരക്ഷിക്കുക എന്നതാണ് സർക്കാറിന്റെ നിലപാട്. ലീഗൽ അഡ്വൈസർ സ്കൂളിന്റെ കാര്യം സംസാരിക്കേണ്ട. ശിരോവസ്ത്രം ധരിച്ചിരിക്കുന്ന ഒരു ടീച്ചർ കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ല എന്ന് പറയുന്നത് വിരോധാഭാസമാണ്.
യൂനിഫോം നിറമുള്ള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന് മറുപടി പറയേണ്ടത് ലീഗല്‍ അഡ്വൈസറല്ലെന്നും ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട വിഷയം വഷളാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇതുവരെ സ്കൂളിന്റെ ഭാഗത്ത് നിന്നും ആരും ബന്ധപ്പെട്ടിട്ടില്ലെന്നും മതസൗഹാർദം തകരുന്ന ഒന്നും ഉണ്ടാവരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു. വിഷയത്തിൽ ഇടപ്പെട്ട സംസ്ഥാന സർക്കാറിനും വിദ്യാഭ്യാസമന്ത്രിക്കും നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി. ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു. ഇത്തരം സമ്മർദങ്ങൾ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങൾ. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരിൽ രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളിൽ ഞങ്ങൾ മനസ്സിലാക്കിയത്. അതിൽ സ്കൂളിലെ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ വർഗീയമായ ഇടപെടൽ എനിക്കുംഎൻറെ മകൾക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും കുട്ടിയുടെ പിതാവ് എഫ്.ബി പോസ്റ്റിൽ പറഞ്ഞു.
കുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എൻറെ മകളുടെ മൗലികാവകാശമായ തലമറച്ച് സ്കൂളിൽ പോകാൻ അനുവദിക്കണമെന്ന മകളുടെ ആവശ്യത്തോട് വളരെ പോസിറ്റീവായാണ് കേരള സർക്കാറും വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചത്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണവും അതിന്റെ റിപ്പോർട്ടും മകൾ ഉന്നയിച്ച ആവശ്യം ന്യായമാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വ്യക്തമാക്കുന്നതുമാണ്. എന്നാൽ തികച്ചും ന്യായമായ ഈ ആവശ്യത്തോട് സ്കൂൾ അധികൃതരിൽ നിന്നും ഉണ്ടായ പ്രതികരണങ്ങൾ വളരെ വേദനയുണ്ടാക്കുന്നതാണ്. നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തു. മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി.
ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു. ഇത്തരം സമ്മർദങ്ങൾ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങൾ. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരിൽ രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളിൽ ഞങ്ങൾ മനസ്സിലാക്കിയത്. അതിൽ സ്കൂളിലെ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ വർഗീയമായ ഇടപെടൽ എനിക്കുംഎൻറെ മകൾക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. അതിനാൽ ഈ സ്കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്.
ടി.സി വാങ്ങി മറ്റേതെങ്കിലും സ്കൂളിൽ പഠനം തുടരാമെന്നാണ് ഞങ്ങളുടെ തീരുമാനം. അതോടെ ദുർവാശിയും ദുരഭിമാനവും മാറ്റിവച്ച് മറ്റ് കുട്ടികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നോട്ടുപോകാൻ സ്കൂൾ അധികൃതർ തയാറാകുമെന്ന് കരുതട്ടെ. നാട്ടിലെ സമാധാനം തകർക്കാൻ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതിൽനിന്ന് സ്കൂൾ അധികൃതരം പി ടി എയും മറ്റ് തത്പര കക്ഷികളും പിൻമാറണമെന്നും അഭ്യർഥിക്കുന്നുവെന്നും കുട്ടിയുടെ പിതാവ് ഫേസ്ബുക്കിൽ കുറിച്ചു.
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തെ രാഷ്ട്രീയവത്കരിക്കാനാണ് സ്കൂള്‍ മാനേജ്മെന്റിന്റെ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാനേജ്മെന്റ് സര്‍ക്കാറിനെ വെല്ലുവിളിക്കുന്നുവെന്നും വെല്ലുവിളി ഒന്നും ഇങ്ങോട്ട് വേണ്ടെന്നും മന്ത്രി പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകും. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സ്കൂൾ മാനേജ്മെന്റും പി.ടി.എയും പ്രതികരിച്ചത്. അഭിഭാഷകയും സ്കൂൾ മാനേജ്മെന്റും സർക്കാറിനെയും വിദ്യാഭ്യാസ വകുപ്പിനെയും ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്നും ശിവൻകുട്ടി വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പരാതി ലഭിച്ചപ്പോള്‍ സ്വാഭാവിക അന്വേഷണം നടത്തി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സാധാരണ നടപടിക്രമമാണ്. വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് പിന്നീട് കണ്ടത്. പ്രശ്നത്തിന് പരിഹാരമല്ല, സര്‍ക്കാറിനെ വിമര്‍ശിക്കുകയാണ് ലക്ഷ്യം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അഭിഭാഷകയോട് കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ചോദിക്കുന്ന വീഡിയോ കണ്ടതാണ്. ആര്‍ക്കുവേണ്ടി വര്‍ഗീയ വിഭജനത്തിന് ശ്രമിച്ചാലും സര്‍ക്കാര്‍ അംഗീകരിക്കില്ല. സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത് നിയമങ്ങള്‍ അനുസരിച്ചാണെന്നും എതിരായി പ്രവര്‍ത്തിച്ചാല്‍ തടയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
സ്കൂള്‍ അഭിഭാഷകയുടെ ഭാഗത്ത് നിന്നുണ്ടായത് അപക്വ പരാമര്‍ശങ്ങളാണ്. വിഷയത്തെ കൂടുതല്‍ വഷളാക്കി. വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് സ്കൂൾ അഭിഭാഷകയും പി.ടി.എ പ്രസിഡന്റുമല്ല. മാനേജ്മെന്റ് പറയുന്നത് ജനാധിപത്യ വിരുദ്ധ കാര്യങ്ങളാണ്. നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. വിദ്യാർഥികളുടെ നല്ല ഭാവിയാണ് ലക്ഷ്യം. പരിഹാരം ഉണ്ടായിട്ടും പ്രകോപനം ഉണ്ടാക്കാന്‍ വാര്‍ത്തസമ്മേളനം നടത്തുന്നത് നല്ലതല്ല. വിഷയത്തെ ബോധപൂര്‍വം രാഷ്ട്രീയമായി നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഏതെങ്കിലും പ്രത്യേക സമൂഹത്തിന് നിയമങ്ങള്‍ ബാധകമല്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ തയാറല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.