അമിതാധികാര പ്രയോഗം: കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്ഥലംമാറ്റിയതിനെതിരേ ഹൈക്കോടതി; മന്ത്രി ഗണേഷിന് വിമർശനം

കൊച്ചി: ബസിന്റെ മുന്‍വശത്തെ ഗ്ലാസിന് പിന്നില്‍ വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തില്‍ കെഎസ്ആര്‍ടിസിക്കും മന്ത്രിക്കും ഹൈക്കോടതിയില്‍ തിരിച്ചടി. വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റിയത് മതിയായ കാരണം ഇല്ലാതെയാണെന്ന് നിരീക്ഷിച്ചാണ് സ്ഥലമാറ്റ ഉത്തരവ് റദ്ദ് ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടബോര്‍ ഒന്നാം തീയതി പൊന്‍കുന്നത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോഴായിരുന്നു കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസിന് പിന്നില്‍ വെള്ളക്കുപ്പി സൂക്ഷിച്ചത് കണ്ട് ഗതാഗത മന്ത്രി വാഹനം തടഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ സ്ഥലമാറ്റിയത്. പെന്‍കുന്നം ഡിപ്പോയില്‍ നിന്ന് തൃശ്ശൂരിലേക്കാണ് സ്ഥലം മാറ്റിയത്. തുടര്‍ന്നാണ് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.
എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രൈവ് ചെയ്യേണ്ടതിനാല്‍ ചൂട് കൂടുതലാണെന്നും അതിലാണ് കുടിവെള്ളം മുന്‍പില്‍ സൂക്ഷിച്ചതെന്നും ഹര്‍ജിക്കാരനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.പി. സതീശന്‍ വാദിച്ചു. മദ്യമൊന്നും അല്ലല്ലോ സൂക്ഷിച്ചത്. മന്ത്രി ഇടപെട്ടതിനാലാണ് സ്ഥലമാറ്റിയതെന്നും വിശദീകരിച്ചു.
സ്ഥലംമാറ്റുന്നതിലൊന്നും തെറ്റില്ലെന്നും പക്ഷെ മതിയായ കാരണം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. വെള്ളക്കുപ്പിയല്ലേ സൂക്ഷിച്ചത്, മദ്യ കുപ്പിയല്ലല്ലോയെന്നും തൊഴില്‍ സംസ്‌കാരമാണ് മാറേണ്ടതെന്നും അതിനാണ് നടപടി വേണ്ടതെന്നും കോടതി വ്യക്തമാക്കി. അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്നും ജെയ്മോന്‍ ജോസഫിനെ പൊന്‍കുന്നം ഡിപ്പോയില്‍ തുടരാന്‍ അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ നല്‍കിയിട്ടുണ്ടെന്നും സ്ഥലം മാറ്റത്തില്‍ മന്ത്രിയ്ക്ക് പങ്കില്ലെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ ദീപു തങ്കന്‍ വാദിച്ചു. കൈ കാണിച്ചിട്ട് വാഹനം നിര്‍ത്താതെ പോയി എന്ന പരാതിയിലും ജീവനക്കാരെ സ്ഥലമാറ്റാറുണ്ടെന്നും വിശദീകരിച്ചു.