അനന്തപുരം വ്യവസായ പാര്‍ക്കിലെ കോഴി സംസ്ക്കരണ പ്ലാന്റില്‍ നിന്നു വീണ്ടും മലിനജലപ്രവാഹം: പരിസരവാസികള്‍ പ്രക്ഷോഭത്തിലേക്ക്

കുമ്പള: അനന്തപുരം വ്യവസായ പാർക്കിലെ കോഴി ഇറച്ചി സംസ്കരണ പ്ലാന്റ്റിൽ നിന്നു വീണ്ടും മലിനജല പ്രവാഹം തുടങ്ങിയെന്നു നാട്ടുകാർ ആരോപിച്ചു. പ്ലാന്റ്റിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം പരിസരവാസികളുടെ കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും കലരുന്നു. കാമനവയൽ എസ് സി കോളനി, അംഗൻവാടി പരിസരങ്ങളിലൂടെയാണ് മലിനജലം ഒഴുകുന്നതെന്നും അതു ദുസ്സഹമായ ദുർഗന്ധമുണ്ടാക്കുന്നുണ്ടെന്നും പരാതിയുണ്ട്.
ഇതു മാരക രോഗങ്ങൾക്കിടയാക്കുന്നുമെന്നു ജനങ്ങൾ ഭയക്കുന്നു. അന്തരീക്ഷ മലിനീകരണം നാടാകെ മാരകരോഗഭീതി ഉയർത്തുമ്പോൾ രോഗാണുക്കളെ സൃഷ്ടിക്കാൻ നടക്കുന്ന ശ്രമങ്ങൾ കർശനമായി തടയണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പും ഇതേ പ്രശ്നം ഉടലെടുത്തിരുന്നു. അന്നു നാട്ടുകാർ നടത്തിയ നിരാഹാര സമരത്തിനൊടുവിൽ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പും നടപടിയുമുണ്ടായിരുന്നു അതിനുശേഷം മലിനജലം ഒഴുകുന്നതു തടഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും മലിനജലം നടകെ ഒഴുകുകയാണ് നാട്ടുകാർ പറയുന്നു.