യുവതിയെ ചവിട്ടിക്കൊന്നു, ഒരുമാസം പ്രായമുള്ള കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ചു; ക്രൂരത സ്ത്രീധനത്തിന്റെ പേരിൽ, ഭർത്താവ് അറസ്റ്റിൽ

ബാഗ്പത് (ഉത്തര്‍പ്രദേശ്): സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തുകയും ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ബദര്‍ഖാ ഗ്രാമവാസിയായ അശോകാണ് പോലീസിന്റെ പിടിയിലായത്.
ബാഗ്പത്തില്‍ വെളളിയാഴ്ചയോടെയാണ് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഗ്രാമവാസികളിലൊരാളാണ് കരഞ്ഞ് അവശനായ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയ മോണിക്കയാണ് കുഞ്ഞിന്റെ അമ്മയെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് മോണിക്കയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. മോണിക്കയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും പോലീസ് കണ്ടെത്തി. വയറിനേറ്റ ചവിട്ടായിരുന്നു മരണക്കാരണം.
അശോകും സഹോദരനും ചേര്‍ന്ന് നിരന്തരം മോണിക്കയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായും ഇവര്‍ രണ്ടുപേരും ചേര്‍ന്നാകാം മോണിക്കയെ കൊലപ്പെടുത്തിയതെന്നും മോണിക്കയുടെ കുടുംബം ആരോപിച്ചു. മോണിക്കയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് അശോകിന്റെ വീട്ടിലെത്തിയ മോണിക്കയുടെ കുടുംബത്തെ അശോകും കൂട്ടരും ചേര്‍ന്ന് അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോണിക്കയുടെ മൃതദേഹം അശോകിന്റെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കി.
ആദ്യ ഭര്‍ത്താവ് മരണപ്പെട്ടതിനുശേഷമുള്ള മോണിക്കയുടെ രണ്ടാം വിവാഹമായിരുന്നു അശോകുമായുള്ളതെന്ന് മോണിക്കയുടെ സഹോദരന്‍ സുശീല്‍ കുമാര്‍ പറയുന്നു. മോണിക്കയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അശോകിനെ അറസ്റ്റുചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റം ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.