കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത : മുൻകരുതലേന്നോണം സഊദിയിലെ നജ്റാനിൽ പള്ളികളും വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി

റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുള്ളതിനാല്‍ മുന്‍കരുതലേന്നോണം സഊദിയിലെ നജ്റാനില്‍ പള്ളികളും വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി. കൊവിഡ് പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുന്നതിനുള്ള അടിയന്തര യോഗത്തില്‍ നജ്റാന് ഗവര്‍ണര്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസാഅദ് രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇവിടെ വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുന്ന മേഖലയിലെ 20 വ്യാപാര സ്ഥാപനങ്ങളും 23 ഓഡിറ്റോറിയങ്ങളും 16 മസ്ജിദുകളും അടക്കാനാണ് നിര്‍ദേശം. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഉണ്ടാകാന്‍ സാധ്യതയെന്ന ആരോഗ്യമന്ത്രി ഡോ: തൗഫീഖ് അല്‍ റബീഅയുടെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് നജ്റാനില്‍ ഗവര്‍ണരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് നടപടികള്‍ കൈകൊണ്ടത്.
മസ്ജിദുകളിലും വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും മുന്‍കരുതല്‍, പ്രതിരോധ നടപടികളും പ്രോട്ടോകോളുകളും ബാധകമാക്കുന്നതിന് നേരിടുന്ന വെല്ലുവിളികളും യോഗം വിശകലനം ചെയ്തു.
മസ്ജിദുകളുടെ പ്രവേശന കവാടങ്ങളില്‍ വളണ്ടിയര്‍മാരുടെ സേവനം ഏര്‍പ്പെടുത്താന്‍ നീക്കമുണ്ട്. ഇസ്ലാമിക കാര്യ മന്ത്രാലയ ശാഖ, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ, ആരോഗ്യ വകുപ്പ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകള്‍ നടത്തിയായിരിക്കും ഇത് തീരുമാനിക്കുക. കൂടാതെ, പ്രാവിശ്യയില്‍ ലംഘനം നടത്തി പരിപാടികള്‍ സംഘടിപ്പിക്കുന്നവരെ വിളിച്ചു വരുത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും വിദേശികളുടെ താമസ സ്ഥലങ്ങളിലെ കൊവിഡ് പ്രതിരോധ കാര്യങ്ങളിലെ അപാകതകള്‍ സ്പോണ്‍സര്‍മാരുമായി സംസാരിച്ചു പരിഹാരം കാണാനും അവലോകന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

