ലൂയിസ് സുവാരസിന് കോവിഡ്; അത്‌ലറ്റിക്കോയ്ക്കും യുറഗ്വായ്ക്കും തിരിച്ചടി

മൊണ്ടേവിഡിയോ: സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ യുറഗ്വായ് താരം ലൂയിസ് സുവാരസിന് കോവിഡ്. തിങ്കളാഴ്ച യുറഗ്വായ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതാണ് ഇക്കാര്യം. സുവാരസിന് പുറമെ യുറഗ്വായ് ഗോൾകീപ്പർ റോഡ്രിഗോ മൗനോസ്, ഓഫീഷ്യൽ മത്യാസ് ഫറാൽ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സുവാരസ് അടക്കം രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം ആരോഗ്യസ്ഥിതിയിൽ കുഴപ്പമൊന്നുമില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും യുറഗ്വായ് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ഇതോടെ ചൊവ്വാഴ്ച ബ്രസീലിനെതിരേ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം സുവാരസിന് നഷ്ടമാകും. ശനിയാഴ്ച സ്പാനിഷ് ലീഗിൽ തന്റെ മുൻ ക്ലബ്ബ് ബാഴ്സലോണയ്ക്കെതിരെയും താരത്തിന് കളത്തിലിറങ്ങാൻ സാധിക്കില്ല. ദേശീയ ടീമിനും അത്ലറ്റിക്കോയ്ക്കും ഇത് കനത്ത തിരിച്ചടിയാകും.

