പെഗാട്രോണുമായി ‘ഡീല്‍’ ഉറപ്പിച്ചു; തമിഴ്‌നാട്ടിലെ ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റ് ടാറ്റയുടെ കൈകളിലേക്ക്
കേരളരാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറ്റവും പ്രചാരത്തിലുള്ള വാക്കാണ് ഡീല്‍. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ പാര്‍ട്ടികള്‍ തമ്മില്‍ ഡീല്‍ ഉറപ്പിച്ചുവെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. ടെക് ലോകത്തും ഇപ്പോള്‍ ഒരു ഡീലാണ് ചര്‍ച്ചാവിഷയം. ടാറ്റയാണ് ഈ ഡീല്‍ ഉറപ്പിച്ചിരിക്കുന്നത്. അതും ആപ്പിളിന്റെ ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട്.
തമിഴ്‌നാട്ടിലെ ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട് തായ്‌വാന്‍ കമ്പനിയായ പെഗാട്രോണുമായാണ് ടാറ്റ ഇലക്ട്രോണിക്‌സ് കരാറുറപ്പിച്ചത്. ഇതുപ്രകാരം തമിഴ്‌നാട്ടിലെ പ്ലാന്റിലെ പെഗാട്രോണിന്റെ ഭൂരിഭാഗം ഓഹരിയും ടാറ്റ വാങ്ങും. ഇതിന് ശേഷം പുതിയ സംയുക്ത സംരംഭത്തിന് കീഴിലാകും ഐഫോണ്‍ ഉത്പാദിപ്പിക്കുകയെന്നും ഇത് ആപ്പിളിന്റെ വിതരണക്കാരന്‍ എന്ന നിലയിലുള്ള ടാറ്റയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ കമ്പനിയില്‍ ടാറ്റയ്ക്ക് 60 ശതമാനം ഓഹരിയാണ് ഉണ്ടാകുക. ബാക്കി ഓഹരി കൈവശം വെക്കുന്ന പെഗാട്രോണാണ് സാങ്കേതിക പിന്തുണ ലഭ്യമാക്കുക. കരാറിനെ സംബന്ധിച്ച വിവരം കമ്പനിയില്‍ ആഭ്യന്തരമായി പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ ഇടപാട് എത്ര തുകയുടേതാണ് എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഡീലിനെ കുറിച്ച് ടാറ്റയും പെഗാട്രോണും ആപ്പിളും ഇതുവരെ പ്രതികരിച്ചിട്ടില്ല.