കേരളത്തിലെ എസ്ഐആര്‍ അടിയന്തരമായി നിർത്തിവെക്കണം’; മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തിരമായി നിറുത്തി വയ്ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. എസ്ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗിന്റെ ഹര്‍ജി. കണ്ണൂരിലെ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ആത്മഹത്യ ചെയ്ത കാര്യവും മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ് ലീഗിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാന് ആണ് കുഞ്ഞാലിക്കുട്ടിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ഇതിനിടയില്‍ എസ്ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണ്. അതിനാല്‍ എസ്ഐആര്‍ നടപടികള്‍ അടിയന്തിരമായി നിറുത്തി വയ്ക്കണം എന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം.
ഒരു മാസത്തിനുള്ളില്‍ എസ്ഐആര്‍ നടപ്പാക്കാന്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് നീക്കം. ഇത് അപ്രായോഗികം ആണ്. പ്രവാസികള്‍ക്ക് ഉള്‍പ്പടെ വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത് എന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

