പോറ്റിയേ കേറ്റിയേ: സൈബർ ഓപ്പറേഷൻ വിങ് അന്വേഷിക്കും; യു.ഡി.എഫും ബി.ജെ.പിയും ഉപയോഗിച്ചു

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചരിപ്പിച്ച ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി പ്പാട്ടിൽ അന്വേഷണം. അന്വേഷണത്തിനായി സൈബർ ഓപ്പറേഷൻ വിങ്ങിനെ നിയോഗിച്ചു. എഡിജിപി എച്ച്. വെങ്കിടേഷ് പരാതി സൈബർ ഓപ്പറേഷൻ വിങ്ങിന് കൈമാറി.
അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി ശരണംവിളിച്ചുള്ള “പോറ്റിയെ കേറ്റിയെ……” എന്ന പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക് പരാതി നൽകിയത്. പരാതിയിൽ സമഗ്രമായ അന്വേഷണത്തിനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ എഡിജിപി എച്ച് വെങ്കിടേഷിന് പോലീസ് മേധാവി പരാതി കൈമാറി. കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിങ്ങിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എച്ച്. വെങ്കിടേഷ് ആവശ്യപ്പെട്ടു. സൈബർ ഓപ്പറേഷൻ വിങ് പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാട്ടിൽ അപകീർത്തികരമായ പരാമർശങ്ങളുണ്ടോ? അത്തരത്തിലുള്ള ഭാഗം ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് ഏത് വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പറ്റും തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
പാട്ട് തയ്യാറാക്കിയവർക്കെതിരേയും പാട്ട് ഉപയോഗിച്ചവർക്കെതിരേയും നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. യുഡിഎഫും ബിജെപിയും ഒരുപോലെ ഈ പാട്ട് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.

