നഷ്ടപ്പെട്ട സ്വർണം ഉടമസ്ഥയെ തിരിച്ചേൽപിച്ച് ലാബ് ടെക്നീഷ്യൻ

മൊഗ്രാൽ: ഉപ്പളയിൽനിന്ന് മൊഗ്രാൽ പുത്തൂരിലേക്കുള്ള ബസ് യാത്രക്കിടെ നഷ്ടപ്പെട്ട അരപ്പവൻ തൂക്കം വരുന്ന സ്വർണം ഉടമസ്ഥയെ തിരിച്ചേൽപിച്ച് മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയിലെ ലാബ് ടെക്നീഷ്യൻ ഫാത്തിമത്ത് മുംതാസ് മാതൃകയായി. മൊഗ്രാലിൽനിന്ന് കാസർകോട്ടേക്ക് ബസിൽ യാത്ര ചെയ്യുമ്പോഴാണ് മുംതാസിന് ബസിന്റെ സീറ്റിൽനിന്ന് സ്വർണ കൈ ചെയിൻ കളഞ്ഞുകിട്ടുന്നത്. മൊഗ്രാൽ ദേശീയവേദി പ്രവർത്തകരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് ഉടമസ്ഥക്ക് വിവരം ലഭിക്കുകയും മുംതാസിനെ ബന്ധപ്പെടുകയുമായിരുന്നു.
മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് സ്വദേശിനിയും ജി.എച്ച്.എസ്.എസ് ഉപ്പളയിലെ പ്ലസ് വൺ വിദ്യാർഥിനിയുമായ ഖദീജത്ത് ഹനയുടേതാണ് നഷ്ടപ്പെട്ട സ്വർണം. മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയിൽ വെച്ച് ഖദീജത്ത് ഹനക്ക് സ്വർണം തിരിച്ചേൽപിച്ചു. യുനാനി മെഡിക്കൽ ഓഫിസർ ഡോ. ഷാക്കിർ അലി, എം.എസ്. ജോസ്, ഡോ. റൈഹാനത്ത്, മൊഗ്രാൽ ദേശീയവേദി പ്രവർത്തകരായ മുഹമ്മദ് അബ്കോ, ടി.കെ. അൻവർ തുടങ്ങിയവർ സംബന്ധിച്ചു.

