ശക്തമായ പൊടിക്കാറ്റിൽ മുങ്ങി യു.എ.ഇ: ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ദുബായ്: ശക്തമായ പൊടിക്കാറ്റിൽ മുങ്ങി യുഎഇ. രാജ്യത്ത് നാളെയും മറ്റന്നാളും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹനം ഓടിക്കുന്നവർക്കും മലയോരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും വിവിധ എമിറേറ്റുകൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ബുധനാഴ്ച രാവിലെ മുതൽ യുഎഇയിൽ പരക്കെ ഇതായിരുന്നു അവസ്ഥ. ശക്തമായ പൊടിക്കാറ്റിൽ ദുബായ്, ഷാർജ, അബുദാബി, ഉമ്മുൽഖുവെയ്ൻ തുടങ്ങിയ നഗരങ്ങളെല്ലാം മുങ്ങി. ദൂരക്കാഴ്ച കുറഞ്ഞതോടെ നിരവധി റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി അധികൃതർ കുറച്ചു. നിരവധിയിടങ്ങളിൽ ഗതാഗത കുരുക്കുണ്ടായി. ദുബായ്, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളുടെയും പ്രവർത്തനം പൊടിക്കാറ്റും മോശം കാലാവസ്ഥയും ബാധിച്ചു. ബുർജ് ഖലീഫപോലും കാണാൻ കഴിയാത്ത വിധത്തിലായിരുന്നു ദുബായിലെ പൊടിക്കാറ്റ്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാജ്യത്ത് പരക്കെ ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. എല്ലാ എമിറേറ്റുകളിലും മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും റാസൽഖൈമ, ഫുജൈറ, അൽഐൻ, ദുബായിയുടേയും ഷാർജയുടേയും മലയോര മേഖലകൾ എന്നിവിടങ്ങളിലാകും മഴ കൂടുതൽ ശക്തം. മഴയോടൊപ്പം ആലിപ്പഴ വർഷവും ഇടിയും മിന്നലുമുണ്ടാകും. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ ഇടയുണ്ടെന്ന് കാലവസ്ഥാ കേന്ദ്രം അറിയിച്ചു. അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുത്. ബീച്ചുകളിലേക്കും മലയോരങ്ങളിലേക്കുമുള്ള യാത്രകൾ പരമാവധി ഓഴിവാക്കണം. വെള്ളിയാഴ്ച രാത്രിയോടെ രാജ്യത്ത് കാലാവസ്ഥ മെച്ചപ്പെടുമെന്നും അധികൃതർ അറിയിച്ചു.

