ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റദ്ദാക്കി: 15 മണിക്കൂറിലധികം വിമാനത്താവളത്തിൽ കുടുങ്ങി 150ഓളം യാത്രക്കാർ

ദുബായ്: ദുബായ് വിമാനത്താവളത്തിൽ നിന്നും രാവിലെ 6.05ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഇതോടെ 150 ഓളം യാത്രക്കാർ ദുരിതത്തിലായി. പിതാവ് മരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോകാനെത്തിയവരും രോഗികളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് മണിക്കൂറുകളോളമായി വിമാനത്താവളത്തിൽ കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷം യാത്രക്കാരെയെല്ലാം ഹോട്ടലിലേയ്ക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ ഏഴരയ്ക്ക് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
യാത്രക്കാരെ ആദ്യം ഒരു വിമാനത്തിൽ കയറ്റിയെങ്കിലും അധികം വൈകാതെ പുറത്തിറക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് വിമാനം റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചത്. യാത്രക്കാർ ഏകദേശം പതിനഞ്ച് മണിക്കൂറോളമായി ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്.
വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ പ്രതിഷേധിക്കുകയും കരയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചിട്ടുണ്ട്.

