രണ്ട് തവണ തോറ്റവര്‍ക്കും നാല് തവണ ജയിച്ചവര്‍ക്കും സീറ്റുണ്ടാവില്ല; കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ സീറ്റ് ചർച്ച സജീവമായി. പാർട്ടിയിലെ നിലവിലെ എം.പിമാർ ആരും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ സ്വന്തം മണ്ഡലത്തിന് കീഴിലെ രണ്ട് സ്ഥാനാർഥികളെ എം.പിമാർക്ക് മുന്നോട്ട് വെക്കാമെന്നും ധാരണയായിട്ടുണ്ട്.
മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരേയും സ്ഥാനാർഥികളാക്കണം. ഒപ്പം യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്. രണ്ടുതവണ തോറ്റവർക്കും നാലുതവണ വിജയിച്ചവർക്കും സീറ്റുണ്ടാവില്ല. എന്നാൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്ക് ഇളവുനൽകുകയും ചെയ്യും.
സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ സാമുദായിക സമവാക്യം പൂർണമായും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. യുവാക്കൾക്കും വനിതകൾക്കും പട്ടികയിൽ പങ്കാളിത്തും ഉറപ്പുവരുത്തണമെന്നും മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്നു. ബജറ്റ് സമ്മേളനത്തിനെത്തുമ്പോൾ കേരളാ എം.പിമാരുമായി രാഹുൽഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

