രാജ്യത്ത് 24 മണിക്കൂറിനിടെ 2.38 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.43 ശതമാനം

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ 2.38 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തേതിനേക്കാൾ 20,000 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
സജീവകേസുകളുടെ എണ്ണം 17 ലക്ഷമായി ഉയർന്നു. 17,36,628 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1.57 ലക്ഷം പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. 94.09 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. മൊത്തം കേസുകളുടെ 4.62 ശതമാനമാണ് ഇപ്പോൾ സജീവകേസുകൾ.
അതേസമയം, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 8,891 ആയി ഉയർന്നു. ഇന്നലത്തേതിനെ അപേക്ഷിച്ചു 8.31 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.
കേരളത്തിൽ ഇന്നലെ 22,946 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രധാന ജില്ലകളിൽ എല്ലാം കോവിഡ് വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ഇന്നലെ മാത്രം 5863 പേർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളത്ത് 4100 ഉം കോഴിക്കോട് 2043 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസം കൊണ്ട് കൊവിഡ് കേസുകള്‍ നാലിരട്ടിയിലധികമായി വര്‍ധിച്ചു. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നു പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 60,161 വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

