യാത്രകൾക്ക് മാത്രമല്ല കടകളിലും റസ്റ്ററന്‍റുകളിലും സൂപ്പർ താരമായി നോൽ കാർഡ് ; യുഎഇയിൽ നിരവധി സേവനങ്ങൾക്ക് ഇനി ഒരൊറ്റ കാർഡ്

ദുബായ്: ദുബായിൽ പൊതുഗതാഗത്തിന് ഉപയോഗിക്കുന്ന കാർഡാണ് നോൽ കാർഡ്. പൊതുഗതാഗത സംവിധാനങ്ങളായ ദുബായ് മെട്രോ, ബസ്, ട്രാം, വാട്ടർബസ്, എന്നിവയിൽ മാത്രമല്ല, മെട്രോ സ്റ്റേഷനുകളിൽ ഉൾപ്പടെ തിരഞ്ഞെടുത്ത കടകളിലും റസ്റ്ററന്‍റുകളിലും നോൽകാർഡ് ഉപയോഗിക്കാനാകും. മാത്രമല്ല പാർക്കിങ് ഫീസ് അടയ്ക്കാനും നോൽ കാർഡ് ഉപയോഗിക്കാം.
∙ മിനിമം റീചാർജ് 20 ദിർഹം
മെട്രോ സ്റ്റേഷനുകളിൽ റീചാർജ് ചെയ്യുന്നവർ ഏറ്റവും ചുരുങ്ങിയത് 20 ദിർഹത്തിന് റീചാർജ് ചെയ്യണമെന്ന നിർദ്ദേശം ജനുവരി 15 മുതൽ പ്രാബല്യത്തില്‍ വന്നു.മെട്രോയിൽ ഒരു റൗണ്ട് യാത്രയ്ക്ക് ( 3 സോണുകളിലെ സ്റ്റേഷനുകളിലൂടെ യാത്ര ചെയ്ത് തിരിച്ച് വരാന്‍) 15 ദിർഹമാണ് ചുരുങ്ങിയ നിരക്ക്. നിലവിൽ സ്റ്റേഷനിൽ നിന്നും റീചാർജ് ചെയ്യുന്നവർക്കാണ് റീചാർജ് ചെയ്യുന്നതിനുളള ഏറ്റവും കുറഞ്ഞ നിരക്ക് 20 ദിർഹമായി നിജപ്പെടുത്തിയിട്ടുളളത്. ഓൺലൈനിൽ റീചാർജ് ചെയ്യുന്നവർക്ക് ഇത് ബാധകമല്ല. മെട്രോ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാനാണ് റീചാർജ് ചെയ്യുന്ന കുറഞ്ഞ നിരക്കിൽ വർധനവ് വരുത്തിയത്.
∙ കുറഞ്ഞ നിരക്കിൽ റീചാർജ് ചെയ്യാനുളള വഴികൾ
∙ നോൽ പേ ആപ്പ്
ആപ്പിൾ സ്റ്റോറിലും ആൻഡ്രോയിഡിലും ഹുവായ് ആപ്പിലും ലഭ്യം. റീചാർജ് ചെയ്യുന്ന തുകയ്ക്ക് ലോയൽറ്റിയും റീവാർഡ്സും ലഭിക്കും. ഇത് നോൽ ബാലൻസായും നോൽകാർഡ് സ്വീകരിക്കുന്ന റസ്റ്ററന്‍റുകളിൽ ഉൾപ്പടെയും ഉപയോഗപ്പെടുത്താം.
∙ ആർടിഎ വെബ്സൈറ്റ്-ആപ്
നോൽ റീചാർജിനായി ഉപയോഗിക്കാം. നോൽ കാർഡിൽ തുക എത്ര ബാക്കിയുണ്ടെന്നതടക്കമുളള കാര്യങ്ങളും ആർടിഎ വെബ്സൈറ്റ് വഴിയറിയാം.
∙ ഷെയിൽ
നോൽ റീചാർജ് ചെയ്യാനും കാർഡിൽ തുകയെത്ര ബാക്കിയുണ്ടെന്നതടക്കമുളള കാര്യങ്ങളും അറിയാം.

