‘ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു’; ടൊറന്റോയിലെ വിമാന യാത്രിക പകര്‍ത്തിയ വൈറല്‍ വീഡിയോ!

ടോറൻ്റോ: കാനഡയിലെ ടൊറന്റോയിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പീറ്റ് കുക്കോവ് എന്ന യാത്രക്കാരി തന്റെ മൊബൈലില്‍ പകർത്തിയ ചിത്രങ്ങളാണ് എക്സിലും ഇൻസ്റ്റഗ്രാമിലുമടക്കം വൈറലാകുന്നത്.
വിമാനം തകർന്നതിനെ തുടർന്ന് വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിൻ്റെ വീഡിയോ ആണിത്. ഫയർ എഞ്ചിന് പുറത്തേക്ക് വെള്ളം ശക്തമായി ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു’ എന്നാണ് യാത്രക്കാരി പോസ്റ്റ് ചെയ്ത വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. “എൻ്റെ വിമാനം തകർന്നു, ഞാൻ തലകീഴായി മറിഞ്ഞു,” എന്നാണ് വീഡിയോക്ക് തലക്കെട്ടായി നല്‍കിയിരിക്കുന്നത്. സ്തബ്ധരായ യാത്രക്കാർ രക്ഷാ പ്രവർത്തനത്തിനിടെ വിമാനത്തില്‍ നിന്ന് പുറത്തുകടക്കാൻ നെട്ടോട്ടമോടുന്നത് വീഡിയോയില്‍ കാണാം.
കാനഡയിലെ ടൊറോന്‍റോയില്‍ നടന്ന വിമാനാപകടത്തില്‍ ഡെല്‍റ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസില്‍ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞുമൂടിയ റണ്‍വേയില്‍ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 18 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട്.

