അരങ്ങേറ്റത്തില്‍ തിളങ്ങി സൂര്യകുമാര്‍ യാദവ്; ഇംഗ്ലണ്ടിന് 186 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിനു മുന്നിൽ 186 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു.
അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. 31 പന്തുകൾ നേരിട്ട സൂര്യ മൂന്നു സിക്സും ആറു ഫോറുമടക്കം 57 റൺസെടുത്തു.
18 പന്തിൽ നിന്ന് 1 സിക്സും അഞ്ചു ഫോറുമടക്കം 37 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയെ 150 കടത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ 21-ൽ എത്തിയപ്പോൾ ഓപ്പണർ രോഹിത് ശർമയെ (12) നഷ്ടമായി.
മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ജോഫ്ര ആർച്ചറുടെ ആദ്യ പന്തു തന്നെ സിക്സറിന് പറത്തിയാണ് തുടങ്ങിയത്. രണ്ടാം വിക്കറ്റിൽ കെ.എൽ രാഹുലിനൊപ്പം 42 റൺസ് ചേർക്കാനും സൂര്യകുമാറിനായി. 14 റൺസെടുത്ത രാഹുലിനെ പുറത്താക്കി ബെൻ സ്റ്റോക്ക്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി ആദിൽ റഷീദിന്റെ ഗൂഗ്ലിയിൽ പുറത്തായി. ഒരു റണ്ണെടുത്ത കോലിയെ ജോസ് ബട്ട്ലർ സ്റ്റമ്പ് ചെയ്യുകയായിരുന്നു.
പിന്നാലെ സൂര്യകുമാർ യാദവ് ഡേവിഡ് മലാന്റെ സംശയകരമായ ക്യാച്ചിൽ പുറത്തായി. 23 പന്തുകൾ നേരിട്ട ഋഷഭ് പന്ത് നാല് ഫോറുകളടക്കം 30 റൺസെടുത്ത് പുറത്തായി.
ഹാർദിക് പാണ്ഡ്യയ്ക്ക് തിളങ്ങാനായില്ല. എട്ടു പന്തിൽ നിന്ന് 11 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. വാഷിങ്ടൺ സുന്ദറാണ് (4) പുറത്തായ മറ്റൊരു താരം. ശാർദുൽ താക്കൂർ നാലു പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ നാലു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങളൊന്നുമില്ല. ഇന്ത്യൻ ടീമിൽ യൂസ്വേന്ദ്ര ചാഹലിന് പകരം രാഹുൽ ചാഹറും ഇഷാൻ കിഷന് പകരം സൂര്യകുമാർ യാദവും ഇടംപിടിച്ചു

