കൊയിലാണ്ടിയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; മൂന്ന് എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിയായ നന്ദകിഷോർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടം. ബുധനാഴ്ച പുലർച്ചെ 2:30 ഓടെയാണ് സംഭവം.
അപകടത്തിൽ മരിച്ചവരെല്ലാം മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാനയിലേക്ക് മറിഞ്ഞു. അത് വഴി വന്ന മറ്റുവാഹനയാത്രക്കാർ ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മൂന്ന് വിദ്യാർഥികളും തത്ക്ഷണം മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
മൃതദേഹം താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുകയാണ്. സുഹൃത്തുക്കളുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.

