KSDLIVENEWS

Real news for everyone

പുതിയ തലമുറ വരട്ടെ: അവസാനനിമിഷം വരെ സസ്പെൻസ്; എം.കെ. മുനീറിന്റേത് അപ്രതീക്ഷിത മാറ്റം

SHARE THIS ON

കോഴിക്കോട്: ഡോ. എം.കെ. മുനീർ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിക്കുമെന്നതായിരുന്നു മുസ്‌ലിംലീഗിന്റെ സ്ഥാനാർഥിപ്പട്ടിക പുറത്തുവരുന്നതിന്റെ തൊട്ടുമുൻപുവരെയുള്ള സൂചന. ആരോഗ്യപ്രശ്നമുള്ളതിനാൽ കൊടുവള്ളിയിൽനിന്ന് മാറിയത് സൗത്തിൽ മത്സരിക്കാനാണ് എന്നതായിരുന്നു സൂചന. മത്സരിക്കുമോ ഇല്ലയോ എന്ന് എം.കെ. മുനീർ പരസ്യമായി വ്യക്തമാക്കിയിരുന്നില്ല. പാർട്ടിക്ക്‌ തന്നെ പരിഗണിക്കാനും സീറ്റ് നിഷേധിക്കാനും അധികാരമുണ്ടെന്ന് പറഞ്ഞ് സാധ്യതകൾ വീണ്ടും അവശേഷിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

മുനീർ സ്വയം പിൻമാറാത്ത സാഹചര്യത്തിൽ അദ്ദേഹം മത്സരിക്കുമെന്നായിരുന്നു മുസ്‌ലിംലീഗ് നേതാക്കളും കരുതിയിരുന്നത്. സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെയാണ് ദിവസങ്ങളോളമുള്ള ആ സസ്പെൻസ് പൊളിഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് മുനീർ ഇത്തവണ മാറിനിൽക്കണമെന്ന് ലീഗിൽ അഭിപ്രായമുണ്ടായിരുന്നു. മാറിനിൽക്കണമെന്ന് അദ്ദേഹത്തോട് ആര് പറയുമെന്നതായിരുന്നു ഏറ്റവുംവലിയ വെല്ലുവിളി.

എം.കെ. മുനീറിനോട് പൊതുവെ ലീഗ് പ്രവർത്തകർക്ക് വൈകാരിക അടുപ്പമുണ്ട്. സി.എച്ച്. മുഹമ്മദ് കോയയുടെ മകൻ എന്ന പ്രത്യേക പരിഗണനയുമുണ്ട്. കോഴിക്കോട് സൗത്തിൽ മുനീർ മത്സരിക്കണമെന്ന് ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ സീറ്റ് നിഷേധിച്ചാൽ വിവാദമാവുമോ എന്നതായിരുന്നു ലീഗ് നേതാക്കളുടെ ഭയം. പക്ഷേ, ഒടുവിൽ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ ഡോ. എം.കെ. മുനീറുമായി സംസാരിച്ചു. ഇതോടെയാണ് അനിശ്ചിതത്വം ഒഴിഞ്ഞത്.

ഇതിനിടെ മുനീറിനെതിരേ ഒരുഭാഗത്ത് കൂട്ടമായ സൈബർ ആക്രമണങ്ങളും നടന്നുകൊണ്ടിരുന്നു. ലീഗ് പ്രവർത്തകർ തന്നെ സൈബർ ആക്രമണത്തിൽ പങ്കാളികളായെങ്കിലും തങ്ങളുടെ അറിവോടെയല്ല അത് നടന്നതെന്നാണ് നേതാക്കൾ പറയുന്നത്.

പുതിയ തലമുറ വരട്ടെ, പാർട്ടിയോട് നന്ദിയുണ്ട് -എം.കെ. മുനീർ

പുതിയ ആളുകൾ വരുമ്പോൾ അവസരങ്ങൾ നിഷേധിക്കാൻപാടില്ലെന്ന് ഡോ. എം.കെ. മുനീർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

തലമുറകൾ കൈമാറിപ്പോവുന്നതാണല്ലോ രാഷ്ട്രീയം. എന്നെക്കാൾ അർഹരായ എത്രയോ ആളുകളുള്ളപ്പോഴാണ് പാർട്ടി എനിക്ക് സ്ഥാനമാനങ്ങൾ തന്നത്.

29-ാമത്തെ വയസ്സിൽ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽനിന്ന് മത്സരിച്ചു. കഴിഞ്ഞ 30 വർഷമായി ഞാൻ പാർലമെന്ററി രാഷ്ട്രീയത്തിലുണ്ട്. രണ്ടുതവണ മന്ത്രിയായി. അത് പാർട്ടി എനിക്കുതന്ന അംഗീകാരമാണ്. അതിൽ എനിക്ക് വളരെ നന്ദിയുണ്ട്. പാർലമെന്ററി രാഷ്ട്രീയം മാത്രമല്ല രാഷ്ട്രീയം. അത് അതിൽ ഒന്ന് മാത്രമാണ്. പാർട്ടി എടുത്ത തീരുമാനത്തെ ഞാൻ സർവാത്മനാ സ്വാഗതംചെയ്യുന്നു. പാർട്ടി തീരുമാനത്തിന്റെ കൂടെ നിൽക്കും.മുഖമില്ലാത്ത സൈബർ ആക്രമണങ്ങളെ ഗൗരവമായെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!