KSDLIVENEWS

Real news for everyone

കാസർകോട്ട് മോക് പോളിൽ ബിജെപിക്ക് അധികവോട്ടെന്ന് ആരോപണം; പരിശോധിക്കാൻ നിർദേശിച്ച് സുപ്രീംകോടതി

SHARE THIS ON

ന്യൂഡൽഹി: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബുധനാഴ്ച നടന്ന മോക് പോളിൽ, പോൾ ചെയ്തതിനെക്കാൾ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോടതി നിർദേശം നൽകിയത്.
ബിജെപിക്ക് പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് കിട്ടിയ കാര്യം അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. മാധ്യമ വാർത്തകൾ ഉദ്ധരിച്ചായിരുന്നു ഭൂഷൺ ഇത് കോടതിയെ ധരിപ്പിച്ചത്. തുടർന്ന് വിഷയം പരിശോധിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ മുഴുവൻ വി.വി. പാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം കേൾക്കൽ പുരോഗമിക്കുന്നതിനിടെയാണ് പ്രശാന്ത് ഭൂഷൺ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വി.വി. പാറ്റ് ബോക്സിലെ ലൈറ്റ് മുഴുവൻസമയവും ഓൺ ചെയ്തിതിടാൻ നിർദേശിക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ സ്ലിപ്പ് ബാലറ്റ് ബോക്സിലേക്ക് വീഴുന്ന പ്രക്രിയ വോട്ടർമാർക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വി.വി. പാറ്റ് സ്ലിപ്പ് വോട്ടർതന്നെ ബാലറ്റ് ബോക്സിൽ ഇടാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യം മറ്റൊരു അഭിഭാഷകൻ ഉന്നയിച്ചെങ്കിലും കോടതി അതിനോട് യോജിച്ചില്ല. അങ്ങനെചെയ്താൽ വോട്ടറുടെ സ്വകാര്യത നഷ്ടമാകുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഹർജികളിൽ സുപ്രീംകോടതിയിൽ വാദംകേൾക്കൽ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!