KSDLIVENEWS

Real news for everyone

ലഖ്‌നൗവിനോടും തോറ്റു, 10 തോല്‍വികള്‍; അവസാന സ്ഥാനക്കാരായി മുംബൈയുടെ സീസണിന് അവസാനം

SHARE THIS ON

മുംബൈ: ഇത്തവണത്തെ ഐപിഎല്‍ സീസണിലെ തങ്ങളുടെ അവസാന മത്സരവും തോറ്റ് മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 18 റണ്‍സിനാണ് മുംബൈ തോറ്റത്. ലഖ്നൗ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സീസണിലെ മുംബൈയുടെ 10-ാം തോല്‍വിയായിരുന്നു ഇത്. ഇതോടെ നാല് മത്സരങ്ങള്‍ ജയിച്ച് എട്ടു പോയന്റുമായി അവസാന സ്ഥാനക്കാരായി മുംബൈയുടെ സീസണ്‍ അവസാനിച്ചു. 14 കളികളില്‍ നിന്ന് 14 പോയന്റ് നേടി ആറാം സ്ഥാനത്തെത്തിയ ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്തായി.
മികച്ച തുടക്കത്തിനു ശേഷമാണ് മുംബൈ മത്സരം കൈവിട്ടത്. 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 10 ഫോറുമടക്കം 68 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസിനെ കൂട്ടുപിടിച്ച് രോഹിത് ഓപ്പണിങ് വിക്കറ്റില്‍ 88 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് വന്നവര്‍ക്കൊന്നും ടീമിനെ മുന്നോട്ടുനയിക്കാനായില്ല.

ഏഴാമനായി ഇറങ്ങിയ നമന്‍ ധീര്‍ നടത്തിയ വെടിക്കെട്ടാണ് മുംബൈയുടെ തോല്‍വി ഭാരം കുറച്ചത്. വെറും 28 പന്തുകള്‍ കളിച്ച നമന്‍ അഞ്ചു സിക്‌സും നാല് ഫോറുമടക്കം 62 റണ്‍സോടെ പുറത്താകാതെ നിന്നു.

സൂര്യകുമാര്‍ യാദവ് (0), നേഹല്‍ വധേര (1) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത് മടങ്ങി. ഇഷാന്‍ കിഷന്‍ 14 റണ്‍സെടുത്തു.

ലഖ്‌നൗവിനായി രവി ബിഷ്‌ണോയിയും നവീന്‍ ഉള്‍ ഹഖും രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിക്കോളാസ് പുരന്റെയും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തിരുന്നു.

അഞ്ചാമനായെത്തി വെറും 29 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറുമടക്കം 75 റണ്‍സെടുത്ത നിക്കോളാസ് പുരനാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍.

41 പന്തുകള്‍ നേരിട്ട രാഹുല്‍ മൂന്ന് വീതം സിക്സും ഫോറുമടക്കം 55 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 109 റണ്‍സാണ് ലഖ്നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

22 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസും 10 പന്തില്‍ നിന്ന് പുറത്താകാതെ 22 റണ്‍സെടുത്ത ആയുഷ് ബധോനിയും ഭേദപ്പെട്ട സംഭാവന നല്‍കി. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി ദേവ്ദത്ത് പടിക്കല്‍ (0) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ദീപക് ഹൂഡ (11), അര്‍ഷദ് ഖാന്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ക്രുണാല്‍ പാണ്ഡ്യ 12 റണ്‍സോടെ പുറത്താകാതെ നിന്നു.

മുംബൈക്കായി നുവാന്‍ തുഷാരയും പിയുഷ് ചൗളയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!