KSDLIVENEWS

Real news for everyone

സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍

SHARE THIS ON

സിങ്കപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മേയ് അഞ്ചിനും പതിനൊന്നിനും ഇടയില്‍ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയര്‍ന്നു. ആദ്യ ആഴ്ചയില്‍ 13,700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തൊട്ടടുത്ത വാരം രോഗികളുടെ എണ്ണം ഇരട്ടിയായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രി ഒങ് യെ കുങ് നിര്‍ദേശിച്ചു. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ വ്യാപനം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 250 പേരെയാണ് ഈ ആഴ്ച മാത്രം അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞാഴ്ച 181 രോഗികളാണുണ്ടായിരുന്നത്. കേസുകള്‍ ഇരട്ടിയായാല്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണം 500-ല്‍ അധികമാകും. ഇതിന് ആവശ്യമായ കിടക്കകളും മറ്റു സൗകര്യങ്ങളും ആശുപത്രികളിലുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചാല്‍ രാജ്യത്തിന്‍റെ ആരോഗ്യമേഖലയില്‍ പ്രതിസന്ധിയുണ്ടായേക്കാമെന്നും മന്ത്രി പറഞ്ഞു.


60 വയസിന് മുകളിലുള്ളവരും മറ്റ് ഗുരുതരരോഗമുള്ളവരും ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് സ്വീകരിക്കാന്‍ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയിലെ കിടക്കകള്‍ എപ്പോഴും ലഭ്യമാക്കുന്നതിനും മുന്‍കരുതല്‍ എന്ന നിലയ്ക്കും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ കുറയ്ക്കണമെന്നും ഗുരുതരമല്ലാത്ത രോഗമുള്ളവരെ വീടുകളിലേക്ക് മടക്കി അയയ്ക്കുകയും അവര്‍ക്ക് മൊബൈല്‍ ഇന്‍പേഷ്യന്റ് കെയര്‍ വഴി ചികിത്സ തുടരേണ്ടതാണെന്നും ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!