അൽ നസര്‍ റൊണാള്‍ഡോയെ കൈവിടുന്നു; കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു; റിപ്പോര്‍ട്ട്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിലെ ഭാവി അനിശ്ചിതത്വത്തിലേക്ക് എന്ന് റിപ്പോർട്ട്. പുതിയ കരാറുമായി ബന്ധപ്പെട്ട് റൊണാള്‍ഡോയും അല്‍ നസറും തമ്മിലുള്ള ചർച്ചകള്‍ ധാരണയിലെത്താത്തതിനെ തുടർന്ന് നിർത്തിവെച്ചതായി ദ് സണ്‍ റിപ്പോർട്ട് ചെയ്യുന്നു.
അല്‍ നസറുമായുള്ള പോർച്ചുഗല്‍ സൂപ്പർ താരത്തിന്റെ കരാർ ഏതാനും മാസത്തിനുള്ളില്‍ അവസാനിക്കും. റൊണാള്‍ഡോയ്ക്ക് മുൻപില് അല്‍ നസർ പുതിയ ഡീല്‍ വയ്ക്കും എന്നാണ് റിപ്പോർട്ടുകള്‍ വന്നത്. അല്‍ നസറിലേക്ക് 2022ല്‍ ആണ് റൊണാള്‍ഡോ എത്തിയത്. എന്നാല്‍ ഇതുവരെ അല്‍ നസറിനെ ഒരു കിരീടത്തിലേക്ക് നയിക്കാൻ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടില്ല. പ്രതിമാസം 200 മില്യണ്‍ യൂറോയാണ് റൊണാള്‍ഡോയുടെ അല്‍ നസറിലെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് റൊണാള്‍ഡോ.
അല്‍ നസറിനും ആരാധകർക്കും റൊണാള്‍ഡോയെ മതിയായോ?
ഈ സീസണിലും അല്‍ നസറിനെ സൗദി ലീഗ് ചാംപ്യനാക്കാൻ റൊണാള്‍ഡോയ്ക്ക് സാധിക്കാതെ വന്നതോടെ താരത്തെ പുറത്താക്കണം എന്ന ആവശ്യം ആരാധകരില്‍ നിന്ന് ഉയർന്നിരുന്നു. റൊണാള്‍ഡോയുടെ പെരുമാറ്റത്തില്‍ അല്‍ നസറിന് അതൃപ്തിയുണ്ടെന്നുമാണ് റിപ്പോർട്ടുകള്‍ വരുന്നത്. മറ്റൊരു സൗദി ക്ലബ് ആയ അല്‍ ഹിലാലിലേക്ക് റൊണാള്‍ഡോ മാറിയേക്കും എന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.
ഈ സീസണില്‍ 39 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളാണ് റൊണാള്‍ഡോ സ്കോർ ചെയ്തത്. എന്നാല്‍ എഎഫ്സി ചാംപ്യൻസ് ലീഗ് സെമിയില്‍ അവസാന നിമിഷം ഗോള്‍ നേടാൻ സുവർണാവസരം റൊണാള്‍ഡോയ്ക്ക് മുൻപില് വന്നിരുന്നു. എന്നാല്‍ പ്രായം 40ലേക്ക് എത്തിയതിന്റെ പ്രശ്നങ്ങള്‍ ഈ നിമിഷം ഫിനിഷിങ്ങില്‍ റൊണാള്‍ഡോയെ പിന്നോട്ടടിച്ചു. ഇതും ആരാധകരെ പ്രകോപിപ്പിച്ചിരുന്നു.