KSDLIVENEWS

Real news for everyone

ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ: ശത്രുവിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഖമനേയി; ആക്രമണങ്ങളില്‍ അമേരിക്ക നേരിട്ട് പങ്കാളിയായേക്കുമെന്ന് സൂചന

SHARE THIS ON

തെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നില്‍ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു.

ശത്രുവിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് ഇറാന്‍റെ നിലപാട്. അതേസമയം, ഇസ്രയേല്‍ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്ക നേരിട്ട് പങ്കാളി ആയേക്കുമെന്നാണ് സൂചന.

പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആണവായുധം നേടുന്നതിന് തൊട്ടരികില്‍ എത്തിയെന്നും തടയാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇന്നലെ രാത്രിയില്‍ ഉടനീളം തെഹ്റാനിലടക്കം ഇസ്രയേലിന്‍റെ ആക്രമണമുണ്ടായി. ഇതിനിടെ, ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമാക്കി രാത്രിയിലും ഇറാന്‍റെ മിസൈല്‍ ആക്രമണവും തുടര്‍ന്നു.ഹൈഫയിലേക്കും ടെല്‍ അവീവിലേക്കും ഇറാൻ അയച്ച മിസൈലുകള്‍ തകർത്തെന്ന് ഇസ്രായേല്‍ അറിയിച്ചു.

ഇന്നലെ രാത്രിയില്‍ ഇറാനില്‍ ഉടനീളം ഇസ്രയേല്‍ കൂടുതല്‍ കനത്ത ആക്രമണം നടത്തി. ഇറാനിലെ ആണവോർജ കേന്ദ്രങ്ങളില്‍ കൂടുതല്‍ ആക്രമണം നടത്തി. ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 450 കടന്നു. ഇസ്രയേലിന്‍റെ ആക്രമണങ്ങളില്‍ ഇറാനിലെ നതാൻസ് ആണവോർജ കേന്ദത്തിന്‍റെ ഭൂഗർഭ അറകളില്‍ കാര്യമായ നാശം ഉണ്ടായതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. എന്നാല്‍, ഇസ്ഫഹാൻ അടക്കം മറ്റു കേന്ദ്രങ്ങളില്‍ ഭൂഗർഭ സംവിധാനങ്ങള്‍ക്ക് തകരാറില്ല.

ഇറാന്‍റെ യുറേനിയം സമ്ബുഷ്ടീകരണത്തിനുള്ള ആയിരക്കണക്കിന് സെൻട്രിഫ്യൂജുകളും ആണവശേഖരവും ഭൂമിക്കടിയിലാണ്. ഇവ തകർക്കാനുള്ള ശക്തമായ ബങ്കർ ബസ്റ്റിംഗ് ബോംബുകള്‍ അമേരിക്കയില്‍ നിന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഇറാനില്‍ ലക്ഷ്യം നേടുമെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഇറാന്‍റെ മിസൈല്‍ ആക്രമണ ശേഷി ഗണ്യമായി കുറഞ്ഞെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു.

അതേ സമയം അമേരിക്കയും ബ്രിട്ടനും പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചിരിക്കുകയാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രത്യാക്രമണം ആരംഭിച്ചതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൈഫയിലും ടെല്‍ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാൻ സേനാ മേധാവി ആവശ്യപ്പെട്ടു.

ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ആയത്തുല്ല അലി ഖമനേയി എവിടെയാണെന്ന് വ്യക്തമായ വിവരം ഉണ്ടെങ്കിലും ഇപ്പോള്‍ വധിക്കില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ്‌ ട്രംപ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, ഇറാൻ – ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ചൈന കടുത്ത ആശങ്ക അറിയിച്ചു. ഏതൊരു രാജ്യത്തിന്‍റെയും സുരക്ഷയും പരമാധികാരവും ഹനിക്കുന്ന നടപടികളെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ഷി ജിൻ പിംഗ് പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ സൈനിക നടപടികളല്ല മാര്‍ഗമെന്നും ചൈനീസ് പ്രസിഡൻറ് വ്യക്തമാക്കി.ഈ വിഷയത്തില്‍ ചൈനയുടെ ആദ്യ പരസ്യ പ്രസ്താവനയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!