KSDLIVENEWS

Real news for everyone

ഇറാനികൾ കീഴടങ്ങുന്നവരല്ല; ചരിത്രമറിയുന്നവരും വിവേകമുള്ളവരും ഞങ്ങളെ ഭീഷണിപ്പെടുത്തില്ല: ഖമീനി

SHARE THIS ON

ടെഹ്‌റാന്‍: ഇറാന്‍ കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ പ്രതികരണവുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനി. ഇറാനികള്‍ കീഴടങ്ങുന്നവരല്ല. ചരിത്രമറിയുന്നവരും വിവേകമുള്ളവരും തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും ഖമീനി പറഞ്ഞു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ഖമീനി ഇക്കാര്യം അറിയിച്ചത്. ഇസ്രയേലുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് ഖമീനി പൊതുപ്രസ്താവന നടത്തുന്നത്. സൈനിക നടപടിയുണ്ടായാല്‍ പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് അമേരിക്ക അറിയണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇറാനിയന്‍ ജനത കീഴടങ്ങുന്നവരല്ല, അവരുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക ഇടപെടലും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നും അമേരിക്കക്കാര്‍ അറിയണം. ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും കുറിച്ച് അറിവുള്ളവരും വിവേകമുള്ളവരും ഈ ജനതയോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കില്ല.’ ഖമീനി മുന്നറിയിപ്പ് നല്‍കി. ഏത് രൂപത്തിലുള്ള അടിച്ചേല്‍പ്പിക്കപ്പെടലിനും ഇറാന്‍ കീഴടങ്ങില്ല. ഇസ്രയേല്‍ ഗുരുതരമായ തെറ്റ് ചെയ്തു, അതിന്റെ അനന്തരഫലങ്ങള്‍ അവര്‍ നേരിടേണ്ടി വരുമെന്നും ഖമീനി കൂട്ടിച്ചേര്‍ത്തു.

ഖമീനിയുടെ ഒളിയിടം അറിയാമെന്നും തത്കാലം അദ്ദേഹം അവിടെ സുരക്ഷിതമായിരിക്കട്ടെ എന്നും ഇപ്പോള്‍ വധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഇസ്രയേലിന്റെ സൈനിക നടപടികളില്‍ നേരിട്ട് ഇടപെട്ടാല്‍ കനത്ത മറുപടി അമേരിക്കയ്ക്ക് ലഭിച്ചിരിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐക്യരാഷ്ട്ര സഭയിലെ ഇറാന്‍ അംബാസിഡര്‍ അലി ബഹ്‌റെയ്‌നിയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇസ്രയേലിന് നല്‍കുന്ന അതേ പ്രതികരണം ഞങ്ങള്‍ യുഎസിനും നല്‍കും, ഇറാന്‍ സൈന്യം ശക്തവും ഉചിതമായ രീതിയില്‍ പ്രതികരിക്കുമെന്ന് ഉറപ്പുണ്ട്. സംഘര്‍ഷത്തില്‍ യുഎസിന്റെ ഇടപെടലിന്റെ തോത് ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ പ്രതികരിക്കും.’ ഇറാന്‍ പ്രതിനിധി പറഞ്ഞു.

ഇറാന്‍ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടല്‍ നടത്തുമെന്ന സൂചനകളും അദ്ദേഹം നടത്തുകയുണ്ടായി. ഇറാന്റെ ആകാശത്തിനുമേല്‍ തങ്ങള്‍ക്ക് പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ നിയന്ത്രണമുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

പശ്ചിമേഷ്യയിലെ ഏതൊരു അമേരിക്കന്‍ ഇടപെടലും പ്രദേശത്ത് പൂര്‍ണ്ണയുദ്ധത്തിന് കാരണമാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പ്രതികരിക്കുകയുണ്ടായി. അത്യാധുനിക മിസൈല്‍ ഉപയോഗിച്ച് ഇസ്രയേലിലെ ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തി ഇറാന്‍ അമേരിക്കയ്ക്ക് സന്ദേശം ഇതിനകം നല്‍കിയിട്ടുണ്ടെന്ന് ഇസ്ലാമിക് റവലൂഷന്‍ ഗാർഡ്‌സ്‌ കോറും(ഐആര്‍ജിസി) അറിയിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ ഇസ്രയേലിനുനേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത്.

‘ഏറ്റവും പുതിയ ആക്രമണത്തില്‍ ഉപയോഗിച്ച ഒന്നാം തലമുറ ഫത്താ മിസൈലുകള്‍ ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തെ ഭേദിക്കുകയും ടെല്‍ അവീവിന്റെ യുദ്ധക്കൊതിയനായ സഖ്യകക്ഷിക്ക് ഇറാന്റെ ശക്തിയുടെ സന്ദേശം അയയ്ക്കുകയും ചെയ്തു.’ ഐആര്‍ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!