KSDLIVENEWS

Real news for everyone

സ്‌കൂൾ സമയമാറ്റം: ഒളിച്ചുകളി നടത്താതെ സർക്കാർ നടപടി സ്വീകരിക്കണം; മന്ത്രിയുടെ പ്രസ്താവന തെറ്റ്: സമസ്ത

SHARE THIS ON

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവന തെറ്റെന്നാണെന്ന് സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്.

ജൂണ്‍ 11-ന് തിരുവനന്തപുരത്ത് വച്ച് സമസ്തയുടെ നിവേദനം മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയതാണെന്നും ഗൗരവതരമായ ഈ വിഷയത്തില്‍ ഒളിച്ചു കളിക്കുന്നതിന് പകരം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എസ്‌കെഎസ്എസ്എഫ് ആവശ്യപ്പെട്ടു. സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ സമയമാറ്റം ആലോചിക്കാമെന്നും മന്ത്രി ശിവന്‍കുട്ടി കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു.

വിവാദ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അവസരം നല്‍കാതെ ഏകപക്ഷീയമായി സമയമാറ്റം നടപ്പിലാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. അരമണിക്കൂര്‍ വര്‍ദ്ധിപ്പിക്കുകയും അത് സൗകര്യാനുസരണം രാവിലെയോ വൈകുന്നേരമോ ആകാമെന്ന സ്വാതന്ത്ര്യം നല്‍കുകയും ചെയ്തതിനാല്‍ ചില വിദ്യാലയങ്ങള്‍ അരമണിക്കൂറും രാവിലെത്തന്നെ ഉപയോഗപ്പെടുത്തുന്നത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും എസ്‌കെഎസ്എസ്ഫ് പറയുന്നു.

എല്ലാവരോടും കൂടി ആലോചിച്ചു മാത്രമേ സമയമാറ്റം നടപ്പിലാക്കൂ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ നേരത്തെയുള്ള പ്രസ്താവന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി സമയമാറ്റം നടപ്പിലാക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ശരിയല്ല. സമയമാറ്റം വരുമ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മത വിദ്യാഭ്യാസത്തിന് ആവശ്യമായ സമയം ലഭിക്കാതെ പോവുകയാണെന്നും എസ്‌കെഎസ്എസ്എഫ് നേതൃത്വം പറഞ്ഞു.

വിദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും യാത്ര സൗകര്യമില്ലാത്ത ഗ്രാമങ്ങളില്‍ നിന്ന് സ്‌കൂളില്‍ എത്തിച്ചേരേണ്ടവര്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.ഉള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പകരം സമയം വര്‍ധിപ്പിച്ച് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന അശാസ്ത്രീയമായ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായപ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും എസ്‌കെഎസ്എസ്എഫ്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചക്ക് തയ്യാറാകണമെന്നും എസ്‌കെഎസ്എസ്എഫ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!