KSDLIVENEWS

Real news for everyone

എൻഡോസൾഫാൻ ദുരിതം;ദയാബായി വീണ്ടും സമരത്തിന്

SHARE THIS ON

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കായി തിരുവനന്തപുരത്ത് ദയാബായി നടത്തിയ സമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി തുറന്നത് ഒഴികെ ഒന്നും നടപ്പാക്കാത്ത സാഹചര്യത്തിൽ തുടർ സമരത്തിന് ഒരുങ്ങുന്നു. അവഗണിക്കപ്പെട്ട കാസർകോട് മെഡിക്കൽ കോളജിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് ജൂലൈ 29ന് പ്രതിഷേധ സൂചകമായി ഏകദിന നിരാഹാര സമരം നടത്തുമെന്ന് മൂവ്മെന്റ് ഓഫ് ബെറ്റർ കാസർകോട് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘ചക്കര’യുടെ കരുതലിന് സർക്കാർ വാഗ്ദാനങ്ങളിൽ ഒന്നായ ടാറ്റ കോവിഡ് ആശുപത്രി സ്പെഷാലിറ്റി നിലവാരത്തിൽ ഉയർത്തും എന്ന വാദം അത് പൊളിച്ചുമാറ്റാൻ തീരുമാനമായതോടെ പൊളിഞ്ഞിരിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ‘നിലവാരം’ മാത്രമുള്ള മെഡിക്കൽ കോളജിന്റെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയെന്ന് അവർ പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ നിസ്സഹായാവസ്ഥയും ലാബും ഉപകരണങ്ങളുടെ അപര്യാപ്തതയും സർക്കാറിന് ജില്ലയോടുള്ള ചിറ്റമ്മ നയം വ്യക്തമാക്കുന്നു. സമരം നിർത്തിയിട്ട് ഒമ്പത് മാസം കഴിഞ്ഞിട്ടും എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ ക്യാമ്പ് നടത്താൻ പോലും സാധിച്ചിട്ടില്ല. ഇതെല്ലാം കണക്കിലെടുത്ത് നിരന്തര അവഗണനയിൽ പ്രതിഷേധിച്ചാണ് തുടർ സമരങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ ദയാബായി, എ.കെ. പ്രകാശ്, ശ്രീനാഥ് ശശി, രാജൻ വി. ബാലൂർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!