ഒരു ജില്ല മുഴുവൻ നല്‍കുകയാണോയെന്ന് ഹൈക്കോടതി ജഡ്ജി; സിമന്റ് ഫാക്ടറിക്കായി ബിജെപി സര്‍ക്കാര്‍ അദാനിക്ക് നല്‍കിയത് 81 മില്യണ്‍ ചതുരശ്ര അടി ഭൂമി

ന്യുഡല്‍ഹി: സിമന്റ് ഫാക്ടറി നിർമാണത്തിന് അസം ബിജെപി സർക്കാർ അദാനിക്ക് നല്‍കിയത് 3,000 ബിഗ (ഏകദേശം 81 മില്യണ്‍ ചതുരശ്ര അടി) ഭൂമി.
സംഭവത്തില്‍ ഹൈക്കോടതി ജഡ്ജി അസം സർക്കാറിനെ പരിഹസിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇതൊരു തമാശയാണോയെന്നും നിങ്ങള്‍ ഒരു ജില്ല മുഴുവൻ നല്‍കുകയാണോയെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ മേധി ചോദിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ കീഴിലുള്ള അസമിലെ ബിജെപി സർക്കാർ വികസനമെന്ന പേരില്‍ പൊതുവിഭവങ്ങള്‍ മെഗാ കോർപ്പറേറ്റുകള്‍ക്ക് സമ്മാനമായി നല്‍കുകയാണെന്ന വിമർശനങ്ങള്‍ക്ക് പിന്നാലെയാണ് സിമന്റ് ഫാക്ടറി നിർമാണത്തിനായി 3,000 ബിഗ ഭൂമി വിട്ടുകൊടുത്തിരിക്കുന്നത്.
സംഭവത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഭൂമിയുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന കർഷകർ, തൊഴിലിനായി ശ്രമിക്കുന്ന യുവാക്കള്‍, ചെറുകിട ബിസിനസുകാർ തുടങ്ങിയ പൗരന്മാരുടെ താത്പര്യങ്ങളെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. കോടീശ്വരന്മാരെ സന്തോഷിപ്പിക്കുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താത്പര്യമെന്നും അവർ ആരോപിച്ചു.
ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ജയില്‍ ശിക്ഷ നല്‍കണമെന്നാണ് ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നത്. ഈ കരാർ ഹിമാന്തയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനത്തിലേക്കുള്ള തുടക്കമായിരിക്കാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.