മോശം റോഡ്, കുറഞ്ഞ ദൂരം താണ്ടാൻ മണിക്കൂറുകള്‍; ടോളും കൊടുക്കണോയെന്ന് NHIAയോട് സുപ്രീംകോടതി

ന്യുഡല്‍ഹി: പാലിയേക്കരയിലെ ടോള്‍ നിർത്തിവെക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി എത്തിയ ദേശീയപാത അതോറിറ്റിയോട് ചോദ്യങ്ങളുയർത്തി സുപ്രീംകോടതി.
റോഡ് സഞ്ചാര യോഗ്യമല്ലാതിരിക്കുമ്ബോള്‍ എങ്ങനെ ടോള്‍ പിരിക്കാനാകുമെന്ന ചോദ്യമാണ് സുപ്രീംകോടതി ഉയർത്തിയത്.
ഈ പാതയില്‍ 12 മണിക്കൂറിലധികം നീണ്ടുനിന്ന വലിയ ഗതാഗതക്കുരുക്ക് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ടോള്‍ നിർത്തിവെക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായി ദേശീയ പാത അതോറിറ്റിയും ടോള്‍ കമ്ബനിയും നല്‍കിയ ഹർജിയില്‍ നേരത്തെ വാദം കേട്ടപ്പോഴും കോടതി സമാനമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഹർജി വിധി പറയുന്നതിനായി സുപ്രീംകോടതി മാറ്റിവെക്കുകയും ചെയ്തു.
12 മണിക്കൂർ ഗതാഗത കുരുക്കുണ്ടായ പത്രവാർത്ത ജസ്റ്റിസ് വിനോദ് ചന്ദ്രൻ ചൂണ്ടിക്കാട്ടിയപ്പോള്‍ ദേശീയ പാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയുടെ മറുപടി ഇങ്ങനെയായിരുന്നു. അതൊരു ദൈവഹിതമാണ്. ഒരു ലോറി മറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
അടിപ്പാതകളുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ ബദല്‍ മാർഗങ്ങളായി സർവീസ് റോഡുകള്‍ നിർമ്മിച്ചിട്ടുണ്ടെന്നും എന്നാല്‍ കാലവർഷം കാരണം നിർമാണ പ്രവർത്തനങ്ങളെ അത് ബാധിച്ചുവെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
ഈ ഘട്ടത്തില്‍, 65 കിലോമീറ്റർ ദൂരത്തിന് ടോള്‍ നിരക്ക് എത്രയാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ചോദിച്ചു. 150 രൂപയാണെന്ന് മറുപടി ലഭിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് വീണ്ടും ചോദ്യമുയർത്തി. ‘റോഡിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താൻ 12 മണിക്കൂർ എടുക്കുന്നുവെങ്കില്‍ എന്തിനാണ് ഒരാള്‍ 150 രൂപ നല്‍കുന്നത്?. ഒരു മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കേണ്ട ഒരു റോഡില്‍, 11 മണിക്കൂർ അധികമെടുക്കുന്നു, എന്നിട്ട് ടോള്‍ നല്‍കുകയും വേണം’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇത്തരം സന്ദർഭങ്ങളില്‍ ടോള്‍ പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം ആനുപാതികമായ കുറവ് വരുത്തണമെന്ന് പറയുന്ന ഒരു വിധി നിലവിലുണ്ടെന്ന് ഈ സമയത്ത് സോളിസിറ്റർ ജനറല്‍ ചൂണ്ടിക്കാട്ടി.