KSDLIVENEWS

Real news for everyone

ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ ആറുമാസത്തിൽ 43 ലക്ഷത്തിലേറെ സന്ദർശകർ

SHARE THIS ON

അബുദാബി: ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ സന്ദർശകരുടെ എണ്ണം വീണ്ടുംഉയർന്നു. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ മാത്രമായി 43,46,831 ആളുകളാണ് മോസ്ക് സന്ദർശിച്ചത്. കഴിഞ്ഞവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ അഞ്ചുശതമാനം വർധന രേഖപ്പെടുത്തി. സന്ദർശകരിൽ 18 ശതമാനം പൗരരും 82 ശതമാനം പേർ വിദേശികളുമാണ്. വിദേശികളിൽ കൂടുതൽപ്പേരും ഏഷ്യൻ രാജ്യക്കാരാണ്. ഇതിൽ 19,48,482 വിശ്വാസികളും 23,55,165 സന്ദർശകരും ഉൾപ്പെടുന്നു. കൂടാതെ 43,184 പേർ മോസ്കിലെ വ്യായാമ പാതകളും ഉപയോഗിച്ചു.

വെള്ളിയാഴ്ചകളിലെ പ്രാർഥനകൾക്ക് 1,27,672 വിശ്വാസികളും ദിവസേനയുള്ള പ്രാർഥനകളിൽ 3,46,671 പേരും റംസാനിലും ബലിപെരുന്നാളിലുമായി 5,75,372 പേരും ഗ്രാൻഡ് മോസ്കിൽ ഒത്തുചേർന്നു. റംസാനിലെ 27-ാം രാവിൽ മാത്രമായി 72,710 വിശ്വാസികൾ മോസ്കിലെത്തി.

പുണ്യമാസത്തിലെ ‘ഔർ ഫാസ്റ്റിങ് ഗസ്റ്റ്‌സ്’ സംരംഭത്തിന്റെ ഭാഗമായി വിവിധ പങ്കാളികളുമായി സഹകരിച്ച് 26 ലക്ഷം ഇഫ്താർ ഭക്ഷണം വിതരണംചെയ്തു. ബലിപെരുന്നാൾ അവധിദിനങ്ങളിൽ 96,497 വിശ്വാസികളെ സ്വീകരിച്ചിട്ടുമുണ്ട്. 9,88,411 വാഹനങ്ങൾ മോസ്കിന്റെ പാർക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. ആഗോളതലത്തിലെ പ്രശസ്തമായ മത-സാംസ്കാരിക കേന്ദ്രമെന്നനിലയിലെ മോസ്കിന്റെ പദവി ഉയർത്തുന്നതാണ് പുതിയ കണക്കുകൾ.

സന്ദർശകർക്ക് ഗ്രാൻഡ് മോസ്കിനെ പരിചയപ്പെടുത്തുന്ന സാംസ്കാരിക ടൂർസേവനങ്ങളും ഒട്ടേറെ ആളുകൾ ഉപയോഗിച്ചു.

വിവിധരാഷ്ട്രത്തലവന്മാർ, വൈസ് പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, പാർലമെന്റ് സ്പീക്കർമാർ, ഗവർണർമാർ, സ്ഥാനപതികൾ, സൈനിക ഉദ്യോഗസ്ഥർ ഉൾപ്പടെ ഒട്ടേറെ പ്രമുഖരും ആദ്യപകുതിയിൽ മോസ്ക് സന്ദർശിച്ചു. സന്ദർശകർക്ക് മികച്ചസേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി മുതിർന്നവർക്കും നിശ്ചയദാർഢ്യമുള്ളവർക്കുമായി വിവിധസൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.

പാർക്കിങ് പ്രദേശങ്ങളിൽനിന്ന് പ്രാർഥനാഹാളുകളിലേക്ക് പോകാനായി 70-ലേറെ വൈദ്യുത വാഹനങ്ങൾ വിന്യസിക്കുകയും 50 വീൽച്ചെയറുകൾ ലഭ്യമാക്കുകയുംചെയ്തു.

ജാതിമതഭേദമന്യേ ലോകമെമ്പാടുമുള്ള ആളുകളെ സ്വീകരിക്കുന്നതിനൊപ്പം വൈവിധ്യമാർന്ന ഒട്ടേറെ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മോസ്ക് നേതൃത്വംനൽകി. ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകകേന്ദ്രങ്ങളിലൊന്നായ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന് ആഗോള സാംസ്കാരിക വിനോദസഞ്ചാര ഭൂപടത്തിലും ശ്രദ്ധേയമായ സ്ഥാനമുണ്ട്. വിവിധ സംസ്കാരങ്ങളിലുള്ള ആയിരക്കണക്കിനാളുകളാണ് പ്രതിദിനം മോസ്ക്കിലെത്തുന്നത്. ഇസ്‌ലാമിക കലകളുടെയും വാസ്തുവിദ്യകളുടെയും ചരിത്രത്തിലൂടെയുള്ള യാത്രയാണ് മോസ്ക് സന്ദർശകർക്ക് സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!