KSDLIVENEWS

Real news for everyone

ഗസ്സയിലെ കാഴ്ചകൾ ഹിറ്റ്‌ലറുടെ കാലം ഓർമിപ്പിക്കുന്നു: കെ.സി വേണുഗോപാൽ

SHARE THIS ON

കോഴിക്കോട്: ഭക്ഷണത്തിനും വെള്ളത്തിനുമടക്കം കടുത്ത നിയന്ത്രണമേർപ്പെടുത്തി പിഞ്ചുകുഞ്ഞുങ്ങളെപ്പോലും പട്ടിണിക്കിട്ട് കൊന്ന ഹിറ്റ്‌ലറുടെ കാലം ഓർമിപ്പിക്കുകയാണ് ഗസ്സയിലെ കാഴ്ചകളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അടിച്ചേൽപ്പിച്ച വലിയ ക്ഷാമത്തിൽ വിശപ്പിന്റെ വക്കിലാണ് ഗസ്സയിലെ കുഞ്ഞുങ്ങൾ, മനുഷ്യർ. ബോംബുവർഷത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പട്ടിണിയോട് പടവെട്ടി ദുരിത ജീവിതം നയിക്കുന്ന മനുഷ്യരോട് കരയാക്രമണം നടത്തുന്നത് കാണുന്നതും കേൾക്കുന്നതും അസഹനീയമാണ്. ഗസ്സ നഗരത്തെ ആൾപ്പാർപ്പില്ലാത്ത തരിശുഭൂമിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തിൽക്കുറഞ്ഞതൊന്നുമല്ല ഇസ്രായേൽ പദ്ധതി.

ലോകത്തിന്റെ കണ്ണീർ ചിന്ത് പോലെയാണ് ഇന്ന് ഗസ്സ. അധിനിവേശ ശക്തികളുടെ അധികാരക്കൊതിയിൽ ജീവൻ നഷ്ടപ്പെടുന്ന, കൂട്ടപ്പലായനം നടത്തേണ്ടി വരുന്ന മനുഷ്യരുടെ നിലവിളികൾ ഹൃദയം തകർക്കുന്നതാണ്. അവരെ ചേർത്തുപിടിക്കാനോ അവർക്ക് വേണ്ടി പ്രാർഥിക്കാനോ കഴിയാത്ത ഒരാളും മനുഷ്യരല്ലെന്ന ഉത്തമബോധ്യമുണ്ട്. ഏകാധിപത്യ ഭ്രാന്തിന്റെ കൂടെനിൽക്കുന്ന ഓരോരുത്തരും ഓർമിപ്പിക്കുന്നത് ഹിറ്റ്ലറും സ്റ്റാലിനും മുതൽ ഇസ്രയേൽ വരെയുള്ള മനുഷ്യത്വമില്ലാത്ത ഭരണകൂടങ്ങളെയും ഭരണാധികാരികളെയുമാണ്.

ഇത്തരം സന്നിഗ്ധഘട്ടങ്ങളിൽ സമാധാനത്തിനും പ്രശ്‌നപരിഹാരത്തിനും മുൻകാലങ്ങളിൽ മുന്നിട്ടുനിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ, പ്രത്യേകിച്ച് ഫലസ്തീൻ വിഷയത്തിൽ. വസുധൈവ കുടുംബകം എന്ന സങ്കൽപം മുന്നിൽനിർത്തി ഈ ലോകത്തെ ഒരൊറ്റ വീടായിക്കണ്ടായിരുന്നു അതൊക്കെയും. ലോകത്തുടനീളം യൂറോപ്യൻ യൂണിയൻ അടക്കമുള്ളവർ തീരുവ ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികൾ കൊണ്ട് ഇസ്രയേലിനെ സമ്മർദത്തിലാക്കുമ്പോൾ, ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് അത്യന്തം നിരാശാജനകമാണ്. ചരിത്രത്തിൽ നിന്ന് ഇന്ത്യയെടുത്ത നിലപാടുകൾ പഠിച്ചുകൊണ്ട്, പ്രശ്‌നപരിഹാരത്തിന് മുൻകൈ എടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണം. അപ്പോൾ മാത്രമാണ്, അങ്ങേയറ്റം ബഹുസ്വരതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും പാരമ്പര്യമുള്ള ഈ രാജ്യം അങ്ങനെ തന്നെ നിലനിൽക്കുകയുള്ളൂ എന്നും വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!