KSDLIVENEWS

Real news for everyone

അമീബിക് മസ്തിഷ്‌കജ്വരം: സെപ്റ്റംബറിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 24 പേർക്ക്; ചികിത്സയിലുള്ളത് 71 പേർ

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ സ്ഥിരീകരിച്ചത്‌ സെപ്റ്റംബറിൽ. ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്കനുസരിച്ച് നിലവിൽ 71 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ വർഷം 19 മരണമുണ്ടായതിൽ ഒൻപതെണ്ണമുണ്ടായതും സെപ്റ്റംബറിലാണ്‌. അതേസമയം രോഗബാധ കൂടുതലാകുമ്പോഴും രോഗത്തിന്റെ യഥാർഥ ഉറവിടം കണ്ടെത്താനാകാത്തത് വെല്ലുവിളിയായി തുടരുകയാണ്. പൊതുജലാശയങ്ങളിലും വീട്ടുവളപ്പിലെ കിണറുകളിൽനിന്നുമടക്കം രോഗം പകരുന്നുണ്ട്.

നെഗ്ലേറിയ ഫൗലേറി, അക്കാന്ത അമീബിയ, ബാലമുത്തിയ വെർമമീബ പോലുള്ള അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലെറ്റിസ് ഉണ്ടാകുന്നത്. ഇവയ്ക്ക് ജീവിക്കാൻ അനുകൂല സാഹചര്യമുണ്ടാകുമ്പാഴും വലിയ അളവിൽ തലച്ചോറിൽ എത്തുകയും ചെയ്യുമ്പോഴാണ് രോഗമുണ്ടാകുന്നത്. ശുദ്ധജലത്തിലും ഇവയുടെ സാന്നിധ്യം ഉണ്ടാകുമെന്നതിനാൽ സ്വിമ്മിങ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിലും കാണാം. കുളിക്കുമ്പോൾ വെള്ളം കുടിച്ചതുകൊണ്ട് രോഗകാരിയായ അമീബ തലച്ചോറിൽ പ്രവേശിക്കണമെന്നില്ല. എന്നാൽ ഡൈവ് ചെയ്യുമ്പോഴോ മറ്റോ വെള്ളം ഉള്ളിൽക്കടന്നാൽ രോഗമുണ്ടാകാം.

അതേസമയം അമീബിക് മസ്തിഷ്‌കജ്വരത്തിൽ അമിത ആശങ്ക വേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്ത് 40 ശതമാനംവരെ മാത്രമാണ് രോഗം കണ്ടുപിടിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇത് 70 ശതമാനം വരെയാണ്. കൂടുതൽ ടെസ്റ്റ്‌ നടത്തുന്നതുകൊണ്ടാണ് രോഗസ്ഥിരീകരണ നിരക്കും കൂടുന്നത്. രോഗത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്തുക എന്നതും ബുദ്ധിമുട്ടാണ്.

കോളിഫോം ബാക്ടീരിയയെയാണ് അമീബ ആഹാരമാക്കുന്നത്. അതിനാൽ ഇവ കൂടുതൽ ഉള്ളിടത്ത് സ്വാഭാവികമായും അമീബയുടെ സാന്നിധ്യവും കാണും. കിണറുകളും ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും മികച്ച മാർഗം. നിപപോലെ പകർച്ചവ്യാധിയല്ലാത്തതിനാലാണ് പ്രത്യേക പ്രോട്ടക്കോളുകൾ ഇല്ലാത്തതെന്നും എന്നാലും മികച്ച പ്രതിരോധമാർഗങ്ങളാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ചെയ്യുന്നതെന്നും വിദഗ്ധർ പറഞ്ഞു.

ഗവേഷണസ്ഥാപനങ്ങളുമായി ചേർന്ന് പഠനം നടത്തും

അമീബിക് മസ്തിഷ്‌കജ്വരത്തിനു കാരണമായ അമീബകളെയും രോഗത്തിന്റെ അപകടഘടകങ്ങളെയും കുറിച്ച് പഠനം നടത്താൻ ആരോഗ്യവകുപ്പ്. ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജിയുമായും ആരോഗ്യമേഖലയിൽ ഗവേഷണം നടത്തുന്ന മറ്റു സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പഠനം. സംസ്ഥാനത്ത് സ്ഥിരീകരിച്ച അമീബിക് മസ്തിഷ്‌കജ്വരങ്ങളുടെ അപകടഘടകങ്ങൾ സംബന്ധിച്ചാണ് എൻഐഇയുടെ സഹകരണത്തോടെയുള്ള പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിലാണ് എൻഐഇ പ്രവർത്തിക്കുന്നത്.

രോഗത്തിനു കാരണമായ അമീബകളെ നിരീക്ഷിച്ചുള്ള പഠനത്തിൽ രോഗാവസ്ഥയുള്ളവരെയും ഇല്ലാത്തവരെയും പഠനവിധേയമാക്കും. ഏതെങ്കിലും ജലാശയം ഉപയോഗിച്ചശേഷം രോഗബാധിതരായവരെയും അല്ലാത്തവരെയും രണ്ടായി തിരിച്ചാണ് പഠനം നടത്തുക. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ചേർന്ന് അമീബയുടെ ജനിതകഘടകങ്ങളെ വേർതിരിച്ച് പഠിക്കും. ചണ്ഡീഗഢ്‌ പോസ്റ്റ് ഗ്രാേജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ മെഡിക്കൽ പാരസൈറ്റോളജി വിഭാഗവും പുതുച്ചേരി എവിഎം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായും സഹകരിച്ച് പഠനങ്ങൾ നടത്തുന്നതും ആലോചനയിലുണ്ട്.

ജീവനുള്ളതും ജീവനില്ലാത്തതുമായ ഘടകങ്ങൾ അമീബയുടെ വളർച്ചയെ സഹായിക്കുന്നുണ്ടെന്നതും പഠനവിധേയമാക്കും. സംസ്ഥാന മലിനീകരണ നിയന്ത്ര ണ ബോർഡ്, കേരള സർവകലാശാല എൻവയൺമെന്റൽ എൻജിനിയറിങ് വിഭാഗവുമായി ചേർന്നാണ് ഇതു നടപ്പാക്കുക. കൂടാതെ ജലാശയങ്ങളിലെ മലിനീകരണം തടയുന്നതിനുള്ള പ്രവർത്തനപദ്ധതി തയ്യാറാക്കാൻ ജലാശയങ്ങളിൽ സാനിറ്റേഷൻ സർവേയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!