അയൽവാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വളർത്തുപൂച്ച ചത്തു: അയൽവാസിയുടെ പേരിൽ കേസെടുത്തു

അങ്കമാലി: അയൽവാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വളർത്തുപൂച്ച ചത്തു. ചൊവ്വാഴ്ച രാത്രിയാണ് അങ്കമാലി തുറവൂർ പുല്ലാനി പാലിശ്ശേരി നമ്പ്യാട്ട് വീട്ടിൽ പത്മകുമാറിന്റെ വീട്ടിലെ അരുമയായ ലല്ലു ബേബി എന്ന പൂച്ച ചത്തത്. അങ്കമാലി മൃഗാശുപത്രിയിൽ പൂച്ചയുടെ പോസ്റ്റ്‌മോർട്ടം നടത്തി. സാംപിൾ പരിശോധനയ്ക്കായി കാക്കനാട് ഫൊറൻസിക് ലാബിലേക്ക് അയക്കും. പൂച്ചയുടെ സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.
പത്മകുമാറിന്റെ രണ്ട് പൂച്ചകൾക്ക് വെടിയേറ്റിരുന്നു. അതിൽ ഒരെണ്ണം അപകടനില തരണം ചെയ്തു. എന്നാൽ സ്പൈനൽ കോഡിന് തകരാർ പറ്റിയ ‘ലല്ലു ബേബി’യെ രക്ഷിക്കാനായില്ല. വളർത്തുപൂച്ചകളെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിന് അയൽവാസി ഷാജു ജോസഫിന്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന എയർഗൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജിഞ്ചർ കാറ്റ് വിഭാഗത്തിൽ പെട്ട ലല്ലു ബേബി പൂച്ചയ്ക്ക് ഒരു വയസ്സായിരുന്നു. പൂച്ച ചത്തതിൽ പത്മകുമാറിന്റെ കുടുംബം സങ്കടത്തിലാണ്. മൃഗസ്നേഹിയായ പത്മകുമാർ അങ്കമാലിയിലെ ആധാരം എഴുത്തുകാരനാണ്.