കേരള മുൻ രഞ്ജി ക്യാപ്റ്റൻ എ സത്യേന്ദ്രൻ അന്തരിച്ചു
ഹൈദരാബാദ്; കേരള മുന്‍ രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ എ. സത്യേന്ദ്രന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം.
കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന സത്യേന്ദ്രന്‍ ഏറെനാളായി ഹൈദരാബാദില്‍ താമസിച്ചുവരികയായിരുന്നു. മീഡിയം പേസ് ബൗളിങ്ങിലും ഓള്‍റൗണ്ടറായും മികവുകാട്ടിയ സത്യേന്ദ്രന്‍ 1970 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കേരളത്തിനായി കളിച്ചിട്ടുണ്ട്. 1291 റണ്‍സ് നേടി. 1979ല്‍ ഷിമോഗയിലെ നെഹ്‌റു സ്റ്രേഡിയത്തില്‍ കര്‍ണാടകയ്ക്കെതിരെ പുറത്താകാതെ നേടിയ 128 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
അഞ്ച് മത്സരങ്ങളില്‍ കേരളത്തെ നയിച്ചിട്ടുണ്ട്. രണ്ട് സീസണുകളില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പരിശീലകനായും സേവനം അനുഷ്ടിച്ചു. കളിക്കാരനും കോച്ചുമായും കേരളത്തിനൊപ്പം പ്രവര്‍ത്തിച്ചെങ്കിലും ഹൈദരാബാദായിരുന്നു തട്ടകം. സ്റ്റേറ്റ് ബാങ്കിലെ ജോലിയുമായി ഹൈദരാബാദിലെത്തിയ സത്യ അവിടെ സ്ഥിരതാമസമാക്കി. വിരമിച്ചശേഷം, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹിയും, വെറ്ററന്‍ ക്രിക്കറ്റ് അസോസിയേഷന് അംഗവുമായി. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെയും ഹൈദരാബാദ് വെറ്ററന ക്രിക്കറ്റ് അസോസിയേഷന്റേയും എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്ബറുമായിരുന്നു.