KSDLIVENEWS

Real news for everyone

ഇസ്‌ലാമിക രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയമാണിത്’; ഒഐസി യോഗത്തില്‍ ഇറാൻ

SHARE THIS ON

ജിദ്ദ: ‘ഇസ്‌ലാമിക രാജ്യങ്ങള്‍ പ്രതിഷേധിച്ച്‌ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയമാണിതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി.

ജിദ്ദയില്‍ നടക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഓര്‍ഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ) അടിയന്തിര യോഗത്തിലാണ് പ്രതികരണം. ഇസ്രയേലിനെതിരെ എല്ലാ തരം ഉപരോധവും വേണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഒഐസി അംഗ രാജ്യങ്ങള്‍ ഇസ്രായേല്‍ അംബാസിഡര്‍മാരെ പുറത്താക്കണമെന്നും എണ്ണയുത്പാദക രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ഇസ്‌ലാമിക ലോകത്തിന്റെ ആദ്യ പ്രശ്നമായി ഫലസ്തീൻ നിലനില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അമേരിക്കയുടെയും പാശ്ചാത്യരുടെയും പിന്തുണയോടെ സയണിസ്റ്റ് അസ്തിത്വം യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവും വംശഹത്യയും ചെയ്യുകയാണെന്നും ഗസ്സയില്‍ നടന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്കാണെന്നും കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്ന് ഒരു പ്രതിനിധി സംഘത്തെ ഗാസയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.

57 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിലുള്ളത്. ഇസ്രായേലിനെതിരായ നിലപാട് ഒഐസി യോഗത്തില്‍ തീരുമാനിക്കും. അസാധാരണ വംശീയ ഉന്മൂലന വേദിയായി ഫലസ്തീൻ മാറുന്നുവെന്ന് പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് യോഗത്തില്‍ കുറ്റപ്പെടുത്തി. വംശഹത്യയാണ് ഗസ്സയില്‍ നടക്കുന്നതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി വിമര്‍ശിച്ചു. ‘ആശുപത്രിക്ക് നേരെ ഇസ്രായേല്‍ ബോബിട്ടത് മനഃപൂര്‍വമാണ്. അത് ചെയ്യുമെന്നവര്‍ മുന്നേ പ്രഖ്യപിച്ചിരുന്നതാണ്. ഇസ്രായേലിന് സമ്മതം കൊടുത്തവരും ആയുധം കൊടുത്തവരും ഇതില്‍ കുറ്റക്കാരാണ്. കാടൻ നിയമമാണ് ഇസ്രായേല്‍ ഫലസ്തീനെതിരെ പ്രയോഗിക്കുന്നത്. ഓരോ മിനിറ്റിലും ഇസ്രായേല്‍ കൊല്ലുന്നത് 15 ഫലസ്തീനികളെയാണ്’ വിദേശകാര്യമന്ത്രി വിമര്‍ശിച്ചു. ക്രൈസ്തവ- മുസ്‌ലിം ആരാധനാലയങ്ങള്‍ ഇസ്രായേല്‍ തകര്‍ക്കുമെന്ന് തങ്ങള്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


അന്താരാഷ്ട്ര നിയമം പാലിച്ച്‌ പരിഹാരത്തിലെത്താനല്ല ഇസ്രായേല്‍ ശ്രമിച്ചതെന്നും ഇസ്രയേലിന് എന്തു ചെയ്യാനുള്ള അവസരം ലോകരാഷ്ട്രങ്ങള്‍ സൃഷ്ടിച്ചു കൊടുത്തുവെന്നും ഫലസ്തീൻ വിദേശകാര്യ മന്ത്രി പറഞ്ഞു. പുതിയ സ്ഥലങ്ങള്‍ ഇന്നലെയും ഇസ്രായേല്‍ കയ്യേറിയെന്നും പ്രതിരോധമെന്ന പേരില്‍ ഇസ്രായേല്‍ ചെയ്തു കൂട്ടുന്നത് തടയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫലസ്തീന്റെ കൂടെ നിന്നതിന് സൗദി അറേബ്യയോട് നന്ദിയുണ്ടെന്നും ഫലസ്തീൻ അറിയിച്ചു. സാധാരണക്കാര്‍ക്ക് സുരക്ഷിത പാതയൊരുക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി അറേബ്യ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഫലസ്തീനും ഇസ്രയേലുമായി രണ്ട് രാഷ്ട്രങ്ങള്‍ സൃഷ്ടിക്കുകയാണ് പരിഹാരമെന്നും നിബന്ധനകളില്ലാത്തെ വെടിനിര്‍ത്തലിലേക്ക് ഇരുകൂട്ടരും നീങ്ങണമെന്നും ഇസ്രയേല്‍ ചെയ്തുകൂട്ടുന്നത് അക്രമം മാത്രമാണെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി യോഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!