KSDLIVENEWS

Real news for everyone

രണ്ടുവര്‍ഷമായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കെന്ന് കണക്കുകള്‍

SHARE THIS ON

തിരുവനന്തപുരം: രണ്ടുവര്‍ഷമായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കെന്ന് കണക്കുകള്‍. വിദ്യാഭ്യാസ വകുപ്പുതന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച്, ഈ അധ്യയനവര്‍ഷം രണ്ടുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ 25,612 കുട്ടികളുടെ കുറവുണ്ട്. അഞ്ചാംക്ലാസിലാണ് ഏറ്റവും കൂടുതല്‍, 18,845 കുട്ടികള്‍ കൊഴിഞ്ഞുപോയി. കഴിഞ്ഞ അധ്യയനവര്‍ഷം രണ്ടുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 22,975 വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു. അന്നും അഞ്ചാം ക്ലാസിലായിരുന്നു കൂടുതല്‍-17,122 പേര്‍.

കോവിഡ് ദുരിതത്തില്‍നിന്ന് കരയേറിയശേഷമുള്ള 2022-’23 അധ്യയനവര്‍ഷം മുതലാണ് സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. ആ വര്‍ഷം അഞ്ചാം ക്ലാസില്‍നിന്ന് 7134 പേര്‍ കൊഴിഞ്ഞു പോയി. അതേസമയം, എയ്ഡഡ് സ്‌കൂളുകളെ കൊഴിഞ്ഞുപോക്ക് കാര്യമായി ബാധിച്ചിട്ടില്ല. കഴിഞ്ഞ അധ്യയനവര്‍ഷം 599 വിദ്യാര്‍ഥികളേ പോയിട്ടുള്ളൂ. ഈ വര്‍ഷം 564.

2022-’23 അധ്യയനവര്‍ഷം സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടുമുതല്‍ പത്തുവരെ ക്ലാസുകളിലായി 44,915 കുട്ടികള്‍ പുതുതായി ചേര്‍ന്നിരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷമാവട്ടെ, എട്ടില്‍-17,503, ഒമ്പതില്‍-344, പത്തില്‍ 329 എന്നിങ്ങനെ 18,176 കുട്ടികളേ പുതുതായി പ്രവേശനം നേടിയിട്ടുള്ളൂ. ഈ അധ്യയനവര്‍ഷം എട്ടില്‍-15,573, ഒമ്പതില്‍-1025, പത്തില്‍ 573 എന്നിങ്ങനെ 17,171 കുട്ടികളേ പുതുതായി ചേര്‍ന്നിട്ടുള്ളൂ. സര്‍ക്കാര്‍ സ്‌കൂളിലെ കൊഴിഞ്ഞുപോക്കിന് ആനുപാതികമായ വര്‍ധന എയ്ഡഡ് സ്‌കൂളില്‍ വന്നിട്ടില്ല. കേന്ദ്ര സിലബസിലേക്കോ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കോ പോയിരിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!