KSDLIVENEWS

Real news for everyone

എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

SHARE THIS ON

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്.

മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹർജി നല്‍കും. അതേസമയം, കേസില്‍ ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയില്‍ കണ്ണൂർ ടൗണ്‍ പൊലീസ് റിപ്പോർട്ട്‌ നല്‍കിയിരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതല്‍ പേരെ പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്.

ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാജിയെന്നാണ് വിവരം. നവീൻ ബാബുവിന്റെ വേർപാടില്‍ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ ഇന്നലെ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. അതേസമയം, പ്രശാന്തൻ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്ബ് അപേക്ഷ നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും.

അതിനിടെ, ഫയല്‍ നീക്കത്തില്‍ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. പെട്രോള്‍ പമ്ബിന് എൻഒസി ഫയല്‍ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ടാണെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ടൗണ്‍ പ്ലാനർ റിപ്പോർട്ട്‌ നല്‍കി ഒൻപതാം ദിവസം എൻഒസി നല്‍കിയെന്നാണ് കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്.



Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!