KSDLIVENEWS

Real news for everyone

ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍രാഷ്ട്രം സ്ഥാപിക്കുന്നതുവരെ പോരാട്ടം-യഹിയയുടെ മരണംസ്ഥിരീകരിച്ച് ഹമാസ്

SHARE THIS ON

ഗാസ: യഹിയ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഗാസയില്‍ യുദ്ധം അവസാനിക്കുന്നതുവരെ ബന്ദികളെ വിട്ടയക്കില്ലെന്നും അല്‍ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ ഹമാസ് വക്താവ് ഖലീല്‍ അല്‍ ഹയ്യ അറിയിച്ചു.

‘യഹിയ സിന്‍വാര്‍, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു.’ വീഡിയോ സന്ദേശത്തില്‍ ഖലീല്‍ പറയുന്നു. ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഹമാസ് പോരാട്ടം തുടരുമെന്നും ഖലീല്‍ കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ ഏറ്റുമുട്ടലില്‍ മൂന്നു പേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കിയത്. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതിനുശേഷമാണ് കൊല്ലപ്പെട്ടത് യഹിയ തന്നെയാണ് ഇസ്രയേല്‍ സ്ഥിരീകരിച്ചത്.

ഡിഫന്‍സ് ഫോഴ്സിന്റെ ഒരു യൂണിറ്റ് റാഫയിലെ താല്‍ അല്‍ സുല്‍ത്താനില്‍ ബുധനാഴ്ച്ച പട്രോളിങ് നടത്തിയെന്നും കെട്ടിടങ്ങളുടെ മറവിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച യഹിയ ഉള്‍പ്പെടെ മൂന്നുപേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തി കൊലപ്പെടുത്തിയെന്നുമാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടത്.

ഇതിന് പിന്നാലെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഹമാസ് ആയുധം ഉപേക്ഷിച്ച് ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്നും ഇറാന്‍ പടുത്തുയര്‍ത്തിയ ഭീകരവാദത്തിന്റെ അച്ചുതണ്ട് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!