KSDLIVENEWS

Real news for everyone

പാക് വ്യോമാക്രമണത്തില്‍ 3 അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു: സംഭവം ത്രിരാഷ്ട്ര പരമ്പരക്കായി പുറപ്പെട്ടപ്പോള്‍

SHARE THIS ON

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. പാകിസ്താനും ശ്രീലങ്കയ്ക്കുമെതിരേ അടുത്ത മാസം നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായി പാക് അതിര്‍ത്തിയിലെ കിഴക്കന്‍ പക്തിക പ്രവിശ്യയിലെ ഷരണയിലേക്കുള്ള യാത്രാമധ്യേയാണ് താരങ്ങള്‍ക്ക്‌ ജീവന്‍ നഷ്ടമായത്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് (എസിബി) ഇക്കാര്യം അറിയിച്ചത്.

കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ താരങ്ങള്‍ക്കാണ് പാക് വ്യോമാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. മറ്റ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടതായും എസിബി അറിയിച്ചു. ഇതോടെ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാന്‍ പിന്മാറി.

ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു. പാക്‌ ഭരണകൂടത്തിനെതിരേ ശക്തമായ ഭാഷയിലാണ് എസിബി പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്‌സില്‍ കുറിച്ചു.

പാകിസ്താന്‍ നടത്തുന്ന സമീപകാല ആക്രമണങ്ങളെ അപലപിച്ച് അഫ്ഗാന്‍ ടി20 ടീം ക്യാപ്റ്റന്‍ റാഷിദ് ഖാനും രംഗത്തെത്തി. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള എസിബി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും ഫസല്‍ഹഖ് ഫാറൂഖിയും സംഭവത്തെ അപലപിച്ചു.

അതേസമയം അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ വെള്ളിയാഴ്ച പാകിസ്താന്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് അഫ്ഗാന്‍ ആരോപിച്ചു. അഫ്ഗാനിലെ ഉര്‍ഗുണ്‍, ബര്‍മല്‍ ജില്ലകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതെന്നും നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും വിവിധ സ്രോതസുകളെ ഉദ്ധരിച്ച് അഫ്ഗാനിലെ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നിലവില്‍ വന്ന 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാറിന് ഇടയിലാണ് ആക്രമണങ്ങളുണ്ടായത്‌. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും അതിര്‍ത്തി കടന്നുള്ള അക്രമം തടയാനും ലക്ഷ്യമിട്ട് ദോഹയില്‍ മടക്കുന്ന ചര്‍ച്ചകള്‍ അവസാനിക്കുന്നതുവരെ വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!